26 April 2023 2:00 PM IST
സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ വികസന പദ്ധതികള്‍ നടപ്പിലാക്കണം: പ്രൊഫ. വികെ രാമചന്ദ്രന്‍
Kochi Bureau
Summary
- വികസനത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ ഈ രണ്ട് വകുപ്പുകളും നിയമപരമായ തടസങ്ങളെല്ലാം മാറ്റി വെക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമൂഹത്തിന്റെ സമസ്ത മേഖലകളിലെയും വികസനം സാധ്യമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും സഹകരണ പ്രസ്ഥാനങ്ങളേയും സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍. സഹകരണ എക്സ്പോ 2023 ന്റെ ഭാഗമായി നടന്ന ''സഹകരണ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ- പ്രാദേശിക സാമ്പത്തിക വികസനത്തിന്'' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പോലൊരു സംസ്ഥാനത്തിന് ജനങ്ങളുടെ മേല്‍ വലിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാനായി സഹകരണ മേഖലയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ-സഹകരണ സ്ഥാപനങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ജീവിത നിലവാരത്തില്‍ മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ സൂചികയിലേക്ക് സമീപഭാവിയില്‍ കേരളത്തെ എത്തിക്കാന്‍ കഴിയുമെന്നും പ്രൊഫ. വി കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിന്റെ നിശ്ചിത വിഹിതം സഹകരണ സംഘങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത വികസന പദ്ധതികള്‍ക്കായി ഉപയോഗിച്ചാല്‍ പോലും കേരളത്തിന്റെ വികസന രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന അഭിപ്രായം സെമിനാറില്‍ അധ്യക്ഷത വഹിച്ച വികെ പ്രശാന്ത് എംഎല്‍എ പങ്കുവച്ചു. വികസനത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ ഈ രണ്ട് വകുപ്പുകളും നിയമപരമായ തടസങ്ങളെല്ലാം മാറ്റി വെക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.