image

30 Jun 2023 5:45 PM IST

Business

ആരോഗ്യ മേഖലയില്‍ ഇനി സമ്പൂര്‍ണ ഡിജിറ്റിലൈസേഷന്‍

Kochi Bureau

complete digitization in the health sector
X

Summary

  • നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളും തമ്മില്‍ ബന്ധിപ്പിക്കും


ആരോഗ്യ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റിലൈസേഷന്‍ സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളുടെ ഗുണഫലം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 250 ആശുപത്രികള്‍ പേപ്പര്‍ രഹിത ആശുപത്രികളാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ രീതി പ്രവര്‍ത്തികമാക്കുമെന്നും നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ആശുപത്രികളിലെ ലാബുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ മികച്ച ചികിത്സാ രീതി നല്‍കുന്നതിന് നിര്‍ണ്ണയ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെയും ലബോറട്ടറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച വിരമിച്ച പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഉഷ കുമാരിയെ ചടങ്ങില്‍ ആദരിച്ചു. 64 വര്‍ഷം പഴക്കമുള്ള ആശുപത്രിക്ക് പുതിയ കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍ മന്ത്രിക്ക് നിവേദനം നല്‍കി.

2018ലെ പ്രളയ ദുരിതാശ്വാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച പുതിയ കെട്ടിടം നവീകരിച്ചാണ് കുടുംബരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വിഹിതമായ 35 ലക്ഷം രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്.

കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ ആശുപത്രിയിലെ ഒപി വിഭാഗം കൂടുതല്‍ ജനസൗഹൃദമാകും. മെച്ചപ്പെട്ട സൗകര്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകും. കിടത്തി ചികിത്സ ഉള്‍പ്പെടെ സമഗ്ര ആരോഗ്യ പരിചരണം ഉറപ്പാക്കും. ബ്ലോക്ക് തല ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും നടപ്പിലാകും.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി. രോഹിണി, മൂവാറ്റുപുഴ ബ്ലോക്ക് ഡിവിഷന്‍ അംഗം ബെസ്റ്റിന്‍ ചേട്ടൂര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ റിയാസ് ഖാന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ രമ രാമകൃഷ്ണന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ മേഴ്സി ജോര്‍ജ്, ബ്ലോക്ക് അംഗങ്ങളായ കെ. ജി. രാധാകൃഷ്ണന്‍, സിബിള്‍ ബാബു, ഒ കെ മുഹമ്മദ്, ജോസിജോളി വട്ടാക്കുടി, ഷിവാഗോ തോമസ്, റീന സജി, ബിനി ഷൈമോന്‍, ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതുര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ.ആശ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.കെ. രതി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി.ചാക്കോ, വിവിധ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.