17 April 2023 6:15 PM IST
Summary
- ലുലു മാളിലെ എന്‍എച്ച് 17 എക്‌സിറ്റ് ഏരിയയില്‍ സ്ഥാപിച്ച ഗോ ഇ സി സ്റ്റേഷന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി ലുലു മാളില്‍ ഇലക്ട്രിക് വെഹിക്കിള്‍സ് സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ച് മുന്‍ നിര കേരള സ്റ്റാര്‍ട്ടപ്പായ ഗോ ഇ സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്- ഇ വി ചാര്‍ജിങ് നെറ്റ് വര്‍ക്ക്.
ലുലു മാളിലെ എന്‍എച്ച് 17 എക്‌സിറ്റ് ഏരിയയില്‍ സ്ഥാപിച്ച ഗോ ഇ സി സ്റ്റേഷന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ലോഞ്ചെന്നാണ് വിലയിരുത്തല്‍.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക്, വേഗതയേറിയതും കാര്യക്ഷമവുമായ ചാര്‍ജിംഗ് സാധ്യമാകും. രാജ്യത്തുടനീളം നൂറിലധികം ചാര്‍ജിംഗ് സ്റ്റേഷനുകളുള്ള ഗോ ഇ സി യുടെ ഇ വി ചാര്‍ജിംഗ് ശൃംഖല കേരളത്തിന് അകത്തും പുറത്തും ഏറെ സ്വീകാര്യതയുള്ള സംരംഭമാണ്.
വാഹന മേഖലയുടെ ഭാവി ഇലക്ട്രിക് ആണെന്നും, ഉപഭോക്താക്കള്‍ക്ക് സുസ്ഥിരമായ മൊബിലിറ്റി സൊല്യൂഷനുകള്‍ നല്‍കുന്നതിന് ഗോ ഇ സി പ്രതിജ്ഞാബദ്ധരാണെന്നും കമ്പനിയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി ജി രാംനാഥ് പറഞ്ഞു. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട്, ആളുകളുടെ യാത്രാ സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ട് വരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലുലു മാളുമായി ഗോ ഇ സി കൈകോര്‍ക്കുന്ന രണ്ടാമത്തെ ഔട്ട്‌ലെറ്റാണ് കൊച്ചിയിലേത്. നേരത്തേ തിരുവനന്തപുരം ലുലു മാളില്‍ സ്ഥാപിച്ച അവരുടെ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ വിജയകരമായി പ്രവര്‍ത്തനം തുടരുകയാണ്. കൊച്ചിയിലെ പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ പൂര്‍ണ്ണമായും 'മാന്‍ലെസ്' മെഷീനാണ്. നാല് പോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ഫോര്‍ വീല്‍ വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിംഗ് ഓപ്ഷനുകളും, ഇരുചക്ര വാഹനങ്ങള്‍ക്ക് സ്ലോ ചാര്‍ജിംഗ് പോര്‍ട്ടും അവ വാഗ്ദാനം ചെയ്യുന്നു.
ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുകളില്‍ 30കെവി സിംഗിള്‍ സ്ലോട്ടും, 60കെവി ടൂ-സ്ലോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കുള്ള സ്ലോ ചാര്‍ജിംഗ് ഓപ്ഷന്‍ 3.3 കെവി ശേഷിയുള്ളതാണ്. ഒരേ സമയം നാല് വാഹനങ്ങള്‍ക്ക് ഇവിടെ ചാര്‍ജ് ചെയ്യാം. ഒരു യൂണിറ്റിന് 18 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഒരു വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 30 മുതല്‍ 45 മിനിറ്റ് വരെയാണ് സമയം എടുക്കുക. ഭാവിയില്‍ ലുലു ഗ്രൂപ്പിന് കീഴിലുള്ള മറ്റ് മാളുകളിലും ഗോ ഇ സി സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.