17 Feb 2023 4:30 PM IST
Summary
- മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാന്‍ സാങ്കേതികവിദ്യക്കൊപ്പം പരമ്പരാഗത അറിവുകള്‍ സംയോജിപ്പിക്കണമെന്നും പാനല്‍ ചര്‍ച്ചയില്‍ നിര്‍ദേശം മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാന്‍ സാങ്കേതികവിദ്യക്കൊപ്പം പരമ്പരാഗത അറിവുകള്‍ സംയോജിപ്പിക്കണമെന്നും പാനല്‍ ചര്‍ച്ചയില്‍ നിര്‍ദേശം
കൊച്ചി: കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള പ്രകൃതി ദുരന്തങ്ങള്‍, ചുഴലിക്കാറ്റ്, മത്സ്യസ്മ്പത്തിലെ കുറവ് എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷിത്വം ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍. സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യകള്‍ക്കൊപ്പം അതാത് സ്ഥലങ്ങളിലെ തദ്ദേശീയ പരമ്പരാഗത അറിവുകള്‍ സംയോജിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
ഭക്ഷ്യസുരക്ഷക്കായി മത്സ്യമേഖലയില്‍ നിന്നുള്ള സംഭാവന മെച്ചപ്പെടുത്താന്‍ ഓരോ പ്രദേശത്തിന് അനുയോജ്യമായ സാങ്കേതികവിദ്യകളാണ് വികസിപ്പിക്കേണ്ടതെന്ന് ഐക്യരാഷട്രസഭക്ക് കീഴിലുള്ള ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയിലെ (എഫ്എഒ) ഫിഷറി ഇന്‍ഡസ്ട്രി ഓഫീസര്‍ ജോണ്‍ ലാന്‍സ്ലി പറഞ്ഞു. മത്സ്യോല്‍പാദനം കൂട്ടല്‍, കാലാവസ്ഥവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കല്‍, വ്യാപാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതികവിദ്യ വേണം. ഇതിനു പുറമെ, ശാസ്ത്രീയ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഈ മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധനയാനങ്ങള്‍ നവീകരിക്കുക, മീന്‍പിടുത്തത്തിലേര്‍പെടുക്കുന്നവര്‍ക്ക് സുരക്ഷാസംവിധാനമൊരുക്കുക, വിവരവിനിമയ സൗകര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ച മുന്നോട്ടുവെച്ചു. ചെറുവള്ളങ്ങളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് സജ്ജമാക്കുംവിധം നവീകരിക്കാനും നിര്‍ദേശമുണ്ട്. മത്സ്യമേഖലയിലെ സാങ്കേതിവിദ്യകളെകുറിച്ച് ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് പ്രതിനിധീകരിച്ച് പാനല്‍ ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബേ ഓഫ് ബംഗാള്‍ പ്രോഗ്രാം (ബിഒബിപി) ഡയറക്ടര്‍ ഡോ പി കൃഷ്ണന്‍, ജര്‍മനിയില്‍ നിന്നുള്ള ഡോ ഡാനിയല്‍ സ്റ്റെപ്യൂറ്റിസ്, സിഫ്ററ് ഡയറക്ടര്‍ ഡോ ജോര്‍ജ് നൈനാന്‍, ഡോ ബികെ ദാസ്, ഡോ ഇ വിവേകാനന്ദന്‍, സെബാസ്റ്റിയന്‍ മാത്യു, ഡോ എം വി ബൈജു എന്നിവര്‍ സംസാരിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കുന്ന രാജ്യാന്തര സമ്മേളനം ഇന്ന് സമാപിക്കും.