26 Jun 2023 5:45 PM IST
Summary
- ജില്ലയിലും ബോധവത്കരണം
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളില്‍ വിദ്യാഭ്യാസം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് സംസ്ഥാനതല ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
ഇന്ന് മുതല്‍ ജൂലായ് ഒന്ന് വരെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടക്കും. എല്ലാ സ്‌കൂളുകളിലും പ്രത്യേകം അസംബ്ലി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത ടീമുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വച്ച് സംസ്ഥാനതല ഡിബേറ്റ് മത്സരവും സംഘടിപ്പിക്കും.
ജില്ലയിലും ബോധവത്കരണം
എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ റീസര്‍ജന്‍സ് 2023 മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ തെറ്റായ വഴികളിലേക്ക് നയിക്കാന്‍ വലിയ ശൃംഖലകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടപടികളും നമ്മള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എക്‌സൈസ് വകുപ്പ്, പോലീസ് എന്നിവര്‍ ഇത്തരക്കാരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി പ്രത്യേകമായ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടാലോ വിപണനത്തിന് ശ്രമിക്കുന്നത് കണ്ടാലോ ഒക്കെ വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താതെ തന്നെ വിഷയം കൈകാര്യം ചെയ്യുന്നതാണ്. അതിനുള്ള സംവിധാനവും എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിട്ടുണ്ട്. അതെല്ലാം ഉപയോഗിക്കാന്‍ തയ്യാറാകണം. ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ സ്‌കൂള്‍ തലങ്ങളിലും കോളേജ് തലങ്ങളിലും വാര്‍ഡ് തലങ്ങളിലും രൂപീകരിച്ചിട്ടുണ്ട്. അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാം. പ്രതിജ്ഞയ്‌ക്കൊപ്പം ഈ യത്‌നത്തില്‍ കൈകോര്‍ത്തുകൊണ്ട് ലഹരിക്കെതിരായ പോരാട്ടത്തില്‍ നമുക്കൊന്നിച്ച് നീങ്ങാമെന്നും മന്ത്രി പറഞ്ഞു.