7 May 2023 2:32 PM IST
Summary
- മാര്‍ച്ചില്‍ മാത്രം 130 കോടി ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം
- കൂടുതല്‍ നിക്ഷേപം നേടിയത് ബംഗളൂരു
- കഴിഞ്ഞ വര്ഷം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെത്തിയത് 2,02,233 കോടി
10 വര്‍ഷം മുമ്പ് ഇന്ത്യയില്‍ 350 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമുണ്ടായിരുന്നത് ഇന്ന് 90,000 ആയിരിക്കുന്നു. ഇതില്‍ 110 യൂണികോണ്‍ സംരംഭങ്ങളും ഉള്‍പ്പെടും. ഭൂരിഭാഗവും യുവതലമുറയില്‍പ്പെട്ടവരുടേതാണ്. ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള യുവാക്കളുടെ ആവേശമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉത്തേജനമേകുന്നത്.
2023ല്‍ മികച്ച തുടക്കം
ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ ഇന്ത്യയെയും ബാധിക്കുന്നുണ്ട്. എന്നിട്ടും ഫിന്‍ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഈവര്‍ഷം ആദ്യപാദത്തില്‍ നടന്ന 260 സ്റ്റാര്‍ട്ടപ്പ് ഡീലുകളില്‍ 229 എണ്ണത്തിലായി 340 കോടി ഡോളറിന്റെ ഫണ്ടിങ് ഉണ്ടായിട്ടുണ്ട്. 31 എണ്ണത്തിന്റെ നിക്ഷേപവിവരം പുറത്തുവന്നിട്ടില്ല. അതേസമയം 2022 സെപ്റ്റംബറിനു ശേഷം പുതിയ യൂനികോണ്‍ സംരംഭം വന്നിട്ടില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് മാര്‍ച്ചില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് നേരിയ വളര്‍ച്ചയുണ്ടായി. ലോകമെങ്ങും സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധി നേരിടുകയും പലതും പൂട്ടിപ്പോവുകയും ചെയ്യുമ്പോഴാണിത്.
മാര്‍ച്ച് മിന്നിച്ചു
മാര്‍ച്ചില്‍ മാത്രം 130 കോടി ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപമാണ് ഇന്ത്യയില്‍ ഉണ്ടായത്. 2022 ജൂണിനു ശേഷമുള്ള ഉയര്‍ന്ന ഫണ്ടിങ് ആണിത്. 2021ല്‍ സ്റ്റാര്‍ട്ടപ്പുകളലെ ശരാശരി പ്രതിമാസ നിക്ഷേപം 300 കോടി ഡോളറിനു മുകളിലും 2022ല്‍ 200 കോടി ഡോളറിനു മുകളിലുമായിരുന്നു. 2022 ജനുവരിയിലും (460 കോടി ഡോളര്‍) മാര്‍ച്ചിലും (400 കോടി ഡോളര്‍) ജൂണിലും (340 കോടി ഡോളര്‍) ആയിരുന്നു ഉയര്‍ന്ന അളവില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപമെത്തിയത്.
2022 ആദ്യ പാദത്തില്‍ 1200 കോടി ഡോളറിന്റെ നിക്ഷേപമാണെത്തിയത്. രണ്ടാംപാദത്തില്‍ 770 കോടി ഡോളറും. മൂന്നാംപാദത്തിലെ 280 കോടി ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ നാലാംപാദത്തിലും 2023 ആദ്യ പാദത്തിലും മെച്ചപ്പെട്ട ഫണ്ടിങ് (340 കോടി ഡോളര്‍) ഉണ്ടായിട്ടുണ്ട്.
ഫോണ്‍പേ, ലെന്‍സ്‌കാര്‍ട്ട് മുന്നില്‍
2022 ആദ്യ പാദത്തെ അപേക്ഷിച്ച് ഈവര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപം കുറവാണെങ്കിലും നിരവധി കമ്പനികള്‍ക്ക് വലിയ തുക ലഭിച്ചിട്ടുണ്ട്. ഫോണ്‍പേ, ലെന്‍സ്‌കാര്‍ട്ട് എന്നിവയ്ക്ക് വലിയ നിക്ഷേപം ലഭിച്ചു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ മൂന്നു ഘട്ടങ്ങളിലായി 65 കോടി ഡോളര്‍ നിക്ഷേപം നേടിയപ്പോള്‍ സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ലെന്‍സ്‌കാര്‍ട്ട് അബൂദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ നിന്നും 50 കോടി ഡോളര്‍ സമാഹരിച്ചു.
ഫിന്‍ടെക് കമ്പനികളായ ക്രെഡിറ്റ്ബീ, സ്റ്റാഷ്ഫിന്‍, സപ്ലൈ ചെയിന്‍ ഫിനാന്‍സിങ് പ്ലാറ്റ്‌ഫോമായ മിന്‍ടിഫി, ഫ്രഷ് ടു ഹോം, ഓണ്‍ലൈന്‍ കമ്പനിയായ ഫ്രഷ് മീറ്റ്, ഫിഷ് ആന്‍ഡ് സീഫുഡ് എന്നിവ 10 കോടി ഡോളറിലേറെ ഈവര്‍ഷം ആദ്യ പാദത്തില്‍ നിക്ഷേപമായി നേടി.
ബംഗളൂരു തന്നെ നമ്പര്‍ വണ്‍
സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ നിക്ഷേപം നേടിയ നഗരം ഐ.ടി ഹബ്ബായ ബംഗളൂരു തന്നെയാണ്. 128 ഡീലുകളിലൂടെ 170 കോടി ഡോളറാണ് ബംഗളൂരു 2023 ആദ്യ പാദം നേടിയത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ആകെ സമാഹരിച്ച നിക്ഷേപത്തിന്റെ പകുതിയോളം വരുമിത്. ഡല്‍ഹി രാജ്യതലസ്ഥാന മേഖലയാണ് രണ്ടാം സ്ഥാനത്ത്, 51 ഡീലുകളിലൂടെ 96 കോടി നേടി. മുംബൈ 30 ഡീലുകള്‍ നേടിയപ്പോള്‍ പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവ 10 ഡീലുകള്‍ വീതം കരസ്ഥമാക്കി.
കൂടുതല്‍ നിക്ഷേപം ഇ-കൊമേഴ്‌സില്‍
ഈവര്‍ഷം കൂടുതല്‍ നിക്ഷേപം ലഭിച്ചത് ഇകൊമേഴ്‌സ് മേഖലയിലാണ്. സാസ്, ഫിന്‍ടെക്, ഹെല്‍ത്ത്‌ടെക് എന്നിവയാണ് തൊട്ടു പിന്നില്‍. ഡീലുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എഡ്‌ടെക് സ്ഥാനം നേടിയപ്പോള്‍, നിക്ഷേപമൂല്യത്തിന്‍റെ അടിസ്ഥാനത്തിലെ ആദ്യ അഞ്ചില്‍ ഇലക്ട്രിക് വാഹന മേഖല ഇടംപിടിച്ചു.
ഇന്‍ഷുറന്‍സ് ദേഖോയുടെ മാസ് എന്‍ട്രി
കാര്‍ദേഖോയുടെ കീഴിലുള്ള ഇന്‍ഷുറന്‍സ് ദേഖോ സീരീസ് എ റൗണ്ടില്‍ 15 കോടി ഡോളര്‍ സമാഹരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ഇലക്ട്രിക് വാഹന മേഖലയിലെ കമ്പനിയായ ചാര്‍ജ് പ്ലസ് സോണ്‍, നെക്സ്റ്റ് വേവ്, എ.ഐ സ്റ്റാര്‍ട്ടപ്പ് സ്‌പോട്ട് ഡ്രാഫ്റ്റ്, സാസ് കമ്പനി ബെക്കോണ്‍സ്റ്റാക്, ഡ്രോണ്‍ടെക് കമ്പനി ഗരുഡ എയറോസ്‌പേസ് എന്നിവയും ആദ്യ ഘട്ടത്തില്‍ മികച്ച ഫണ്ട് കണ്ടെത്തി.
രണ്ടു ലക്ഷം കോടി രൂപ!
2,02,233 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത്. 1556 ഡീലുകളിലൂടെ 1327 സ്റ്റാര്‍ട്ടപ്പുകളിലാണ് ഇത്രയും തുക നിക്ഷേപമായെത്തിയത്. ഇതില്‍ 24 എണ്ണം യൂനികോണുകളിലാണ്.
2021ലെ 38 ബില്യണ്‍ ഡോളറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഫണ്ടിംഗ് വച്ചുനോക്കുമ്പോള്‍ ഇത് ഗണ്യമായ ഇടിവാണെങ്കിലും 2020ലെ 11.3 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഇരട്ടിയോളം വരുമിത്. 2019ല്‍ 90,000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലുണ്ടായത് 10,000 കോടി ഡോളറിന്റെ മൂലധന നിക്ഷേപമാണ്.