30 May 2023 5:35 PM IST
Summary
- 2027 വരെ ഐപിഎല്‍ മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം നേടിയിരിക്കുന്നത് ജിയോ സിനിമയാണ്. 23,758 കോടി രൂപയ്ക്കാണ് അവകാശം സ്വന്തമാക്കിയത്
- ജിയോ സിനിമയില്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് ഒരു വര്‍ഷം ഈടാക്കുന്നത് 999 രൂപയാണ്
- സൗജന്യമായിട്ടാണ് ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഇപ്രാവിശ്യം സ്ട്രീം ചെയ്തത്
ഐപിഎല്‍ 2023 ഫൈനല്‍ ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്‌ഫോമില്‍ ലൈവ് സ്ട്രീമിംഗിലൂടെ കണ്ടത് മൂന്ന് കോടിയിലേറെ പേര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റനുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ഫൈനല്‍ വീക്ഷിച്ചത് 3.2 കോടി പേരാണ്.
ജിയോ സിനിമയ്ക്കായിരുന്നു സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം ലഭിച്ചത്. സൗജന്യമായിട്ടാണ് ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഇപ്രാവിശ്യം സ്ട്രീം ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം അരങ്ങേറിയത്. മികവാര്‍ന്ന പ്രകടനത്തിലൂടെ എം.എസ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാമതും ഐപിഎല്‍ കപ്പ് ഉയര്‍ത്താന്‍ സഹായിച്ചു. 41-കാരനായ ധോണിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും ഇതെന്ന ക്രിക്കറ്റ് പ്രേമികളുടെ നിഗമനമാണ് ഫൈനലില്‍ കാണികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണമെന്നു കരുതുന്നുണ്ട്.
2027 വരെ ഐപിഎല്‍ മത്സരങ്ങളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം നേടിയിരിക്കുന്നത് ജിയോ സിനിമയാണ്. 23,758 കോടി രൂപയ്ക്കാണ് അവകാശം സ്വന്തമാക്കിയത്.
കഴിഞ്ഞയാഴ്ച തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 1.3 ബില്യന്‍ വീഡിയോ വ്യൂസ് (video views) കൈവരിച്ചതായി ജിയോ സിനിമ അറിയിച്ചിരുന്നു. ഇത് ലോക റെക്കാഡ് ആണെന്നും ജിയോ സിനിമ അവകാശപ്പെട്ടിരുന്നു.
ഐപിഎല്‍ ടൂര്‍ണമെന്റ് സൗജന്യമായി കാണാന്‍ അനുവദിച്ചതിലൂടെ കോടിക്കണക്കിന് കാണികൡലേക്ക് ഇറങ്ങിച്ചെന്ന ജിയോ സിനിമയ്ക്ക് അവരെ വരും ദിവസങ്ങളില്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാക്കി മാറ്റുവാന്‍ സാധിക്കുമോ എന്നതിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ തിരിയുന്നത്.
ജിയോ സിനിമയില്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് ഒരു വര്‍ഷം ഈടാക്കുന്നത് 999 രൂപയാണ്. വരിക്കാരാകുന്നവര്‍ക്ക് എച്ച്ബിഒ ഷോ, മാക്‌സ് ഒറിജിനല്‍, വാര്‍ണര്‍ ബ്രോസ് ഫിലിംസ് തുടങ്ങിയവയിലേക്ക് ആക്‌സസ് ലഭിക്കും. സമീപദിവസം എന്‍ബിസി യൂണിവേഴ്‌സലുമായും ജിയോ സിനിമ കരാറിലേര്‍പ്പെട്ടു.