20 May 2023 4:15 PM IST
Summary
- 20 ലക്ഷം കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-ഫോണ്‍ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.
ഇന്റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ഊന്നുന്ന നവകേരള നിര്‍മിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെ-ഫോണ്‍ മാറുമെന്നും, വൈദ്യുതി, ഐടി വകുപ്പുകള്‍ വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ-ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡ് മറികടക്കാന്‍ സഹായകമാകുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വിസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെഎസ്ഇബിയുടേയും കെഎസ്‌ഐടിഐഎലിന്റേയും സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കെ-ഫോണ്‍ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.