image

1 July 2023 5:00 PM IST

Business

മണ്‍സൂണ്‍ ടൂറിസം; അറബ് വസന്തം ഇനി കേരളത്തില്‍

Kochi Bureau

മണ്‍സൂണ്‍ ടൂറിസം; അറബ് വസന്തം ഇനി കേരളത്തില്‍
X

Summary

  • കോവിഡിന് ശേഷം കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന


മണ്‍സൂണ്‍ ടൂറിസത്തിലൂടെ കേരളത്തേിലേയ്ക്ക് അറബ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ പ്രചരണം നടത്താന്‍ ഏഴ് കോടി രൂപ വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ദുബായ്, ദോഹ എന്നീ പ്രധാന വിമാനത്താവളങ്ങളിലും അറബ് റേഡിയോകളിലൂടെയും ദൃശ്യമാധ്യമങ്ങള്‍ വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച് പ്രചാരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കനത്ത ചൂട് കേരളത്തിലെ വിനോദ മേഖലക്ക് അനുഗ്രഹമാകുമെന്നാണ് വിലയിരുത്തല്‍. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടാന്‍ അറബ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ മണ്‍സൂണില്‍ പെടുന്നതിനാലാണ് വിനോദ സഞ്ചാര വകുപ്പ് മണ്‍സൂണ്‍ ടൂറിസത്തിന് വഴിയൊരുക്കുന്നത്. കൂടാതെ

ആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ് ഇക്കാലയളവിലുള്ളത്. മേയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത കേരള ടൂറിസം റിയാദ്, ദമാം, മസ്‌കത്ത് എന്നിവിടങ്ങളില്‍ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

സഞ്ചാരികളുടെ ഈ അഭിരുചി കണക്കിലെടുത്തുള്ള ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കും. 2019 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒന്നര ലക്ഷത്തോളം സഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്നു. കോവിഡിനുശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോഡ് നേട്ടമാണ് കേരളത്തിനുണ്ടായത്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.