30 Jun 2023 5:45 PM IST
Summary
- കീര്‍ത്തി നിര്‍മ്മലിന്റെ വിപണന ശൃംഖല വഴി ഫാംഫെഡ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കും
കേരളത്തിലെ പ്രമുഖ അരി ഉത്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ ഫാംഫെഡും കൈകോര്‍ക്കുന്നു. കീര്‍ത്തി നിര്‍മലിന്റെ സഹകരണത്തോടുകൂടി ഫാംഫെഡിന്റെ ഉത്പന്നങ്ങള്‍ ഹോള്‍സെയിലായും റീടെയിലായും വിതരണം നടത്തുമെന്ന് കീര്‍ത്തി നിര്‍മല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍സന്‍ വര്‍ഗീസും ഫാംഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസും പത്രസമ്മേളനത്തില്‍ അറിയിച്ചു.
25 വര്‍ഷത്തോളമായി കീര്‍ത്തി നിര്‍മല്‍ വിപണി കേരളത്തിനകത്തും പുറത്തും സജ്ജീവമാണ്. 15 ഓളം തരം അരികള്‍ക്ക് പുറമെ ശര്‍ക്കര, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. വരും കാലങ്ങളില്‍ കൂടുതല്‍ എഫ്എംസിജി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി നിര്‍മല്‍. 2008 ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമായ സതേണ്‍ ഗ്രീന്‍ ഫാര്‍മിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ നിന്നുള്ള ബ്രാന്‍ഡാണ് ഫാംഫെഡ്.
സമീപ ഭാവിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിസിനസ്സ് വിപുലീകരിക്കുവാനാണ് ഫാംഫെഡ് ലക്ഷ്യമിടുന്നത്. കൂടാതെ ഫാംഫെഡിന്റെ കീഴില്‍ പ്ലാന്റേഷനുകള്‍, എഫ്എംസിജി, ഫിഷറീസ്, ടൂറിസം, എന്നിവയുമുണ്ട്. ഇതോടൊപ്പം ഫാംഫെഡ് ബസാറെന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഉടന്‍ ആരംഭിക്കും.
'ഫാംഫെഡുമായി ഇത്തരമൊരു സഹകരണത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കുവാനാണ് കീര്‍ത്തി നിര്‍മല്‍ ലക്ഷ്യമിടുന്നതെന്നും ഫാംഫെഡുമായുള്ള സഹകരണം അതിന് സഹായകരമാകുമെന്നും കീര്‍ത്തി നിര്‍മല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍സന്‍ വര്‍ഗീസ് പറഞ്ഞു.
കീര്‍ത്തി നിര്‍മ്മലിന്റെ 25 വര്‍ഷത്തിലധികമായുള്ള വിപണി പരിചയം ഞങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഫാംഫെഡ് മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസും പറഞ്ഞു . ഫാംഫെഡ് ഉത്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കുവാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.