22 April 2023 3:12 PM IST
കൊച്ചിയുടെ ഗതാഗത മുഖച്ഛായ മാറ്റിയ വാട്ടര്‍ മെട്രോ; മൂന്ന് നാള്‍ക്കപ്പുറം നമുക്ക് സ്വന്തം
Kochi Bureau
Summary
കൊച്ചി: കൊച്ചിയുടെ ഗാതഗത സൗകര്യങ്ങളില്‍ പുതിയ മുഖച്ഛായ നല്‍കുന്ന കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് അടുത്തയാഴ്ച്ച ആരംഭിക്കും. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. കേരളാ ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെയുള്ള റൂട്ടിലായിരിക്കും ആദ്യ സര്‍വീസ് നടത്തുക. 15 മിനിറ്റ് ഇടവേളയില്‍ സര്‍വീസുകളുണ്ടാകും മാത്രമല്ല ഹൈക്കോടതി മുതല്‍ വൈപ്പിന്‍ വരെ 20 രൂപ ഈടാക്കുന്ന സര്‍വീസ് 15 മിനുറ്റ് താഴെ സമയം മാത്രമാണ് യാത്രയ്ക്കായി എടുക്കുന്നത്. യാത്രക്കാരുടെ ഏറെ ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആദ്യ സര്‍വീസിന് ഈ റൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. അധികം വൈകാതെ വൈറ്റില-കാക്കനാട്, ഹൈക്കോടതി-ബോള്‍ഗാട്ടി സര്‍വീസുകളും ആരംഭിക്കും. ഹൈക്കോടതി- വൈപ്പിന്‍ റൂട്ട് പൊതു ജനങ്ങള്‍ക്ക് ഈ മാസം 26 ന് രാവിലെ ഏഴ് മണിക്കായിരിക്കും തുറന്ന് നല്‍കുക. വൈറ്റില- കാക്കനാട് റൂട്ട് തൊട്ടടുത്ത ദിവസവും പൊതു ജനങ്ങള്‍ക്ക് യാത്രക്കായി തുറന്ന് കൊടുക്കും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെയായിരിക്കും സര്‍വീസ് നടത്തുക. ഭിന്നശേഷി സൗഹൃദ ബോട്ടുകളും ടെര്‍മിനലുകളുമാണ് വാട്ടര്‍ മെട്രോയുടേത് എന്നതും ശ്രദ്ധേയമാണ്.
അവസാന ഘട്ട മിനുക്കു പണിയില്‍
നിലവില്‍ അവസാന ഘട്ട ഒരുക്കത്തിലാണ് വാട്ടര്‍ മെട്രോ. മെട്രോ റെയില്‍ സര്‍വീസിന് സമാനമായ തരത്തിലുള്ള ടിക്കറ്റ് കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യം സര്‍വീസ് നടത്തുന്ന ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ ഇവിടെ കഴിഞ്ഞ നാല് മാസത്തിലേറെയായി ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഹൈക്കോടതി ജംഗ്ഷന് സമീപത്തുള്ള എറണാകുളം ടെര്‍മിനല്‍ കേന്ദ്രീകരിച്ച് വൈപ്പിന്‍, മുളവുകാട് മേഖലകളിലേക്കാണ് ഈ റൂട്ടിലെ സര്‍വീസുകള്‍. മാത്രമല്ല മൂന്ന് ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് ഏറെ മാസങ്ങളായി. കൂടാതെ വൈറ്റില-കാക്കനാട് റൂട്ടിലെ ഇരു ടെര്‍മിനലുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വൈറ്റിലയില്‍ ഹബിനോട് ചേര്‍ന്നും കാക്കനാട് ചിറ്റേത്തുകരയിലും ടെര്‍മിനലുകള്‍ സജ്ജമാണ്. പണി പൂര്‍ത്തിയാകും മുന്‍പേ തന്നെ ഒന്നാം പിറണായി സര്‍ക്കാരിന്റെ അവസാന ദിവസങ്ങളില്‍ വൈറ്റില ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.
കൊച്ചി നഗരത്തിന്റെ ഭാഗമായ 10 ഓളം ദ്വീപുകളെ നഗരവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആധുനിക ജലഗതാഗത പദ്ധതിയ്ക്ക് 2016 ലാണ് തുടക്കമാവുന്നത്. 747 കോടി രൂപ ചെലവുള്ള പദ്ധതിയില്‍ 100 കോടി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാക്കിയുള്ളത് ജര്‍മന്‍ വികസന ബാങ്കില്‍ നിന്നുള്ള വായ്പയുമാണ്. വൈറ്റില, കാക്കനാട്, വൈപ്പിന്‍, മുളവുകാട്, ഹൈക്കോടതി, ഏലൂര്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഫോര്‍ട്ട്കൊച്ചി എന്നിങ്ങനെ 38 ജെട്ടികള്‍ വാട്ടര്‍മെട്രോയ്ക്കുണ്ട്. ആകെ 78 ബോട്ടുകളും. എട്ട് ടെര്‍മിനലുകള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. 2019 ല്‍ ഉദ്ഘാടനം ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടക്കാതെ വരികയായിരുന്നു.
ജല രാജാക്കന്മാരാകാന്‍ എട്ട് ബോട്ടുകള്‍
നിലവില്‍ സവര്‍വീസ് തുടങ്ങാനിരിക്കുന്ന രണ്ട് റൂട്ടുകളിലേയ്ക്കായി എട്ട് ബോട്ടുകളാണ് തയ്യാറായിട്ടുള്ളത്. ഇവ എല്ലാം 100 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്. സൗരോര്‍ജത്തിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് സംവിധാനത്തിലാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. കൂടാതെ 15 മിനിറ്റുകൊണ്ട് ബോട്ടിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് ബോട്ടുകളുടെ നിര്‍മാണം പൂര്‍ത്തിക്കിയിരിക്കുന്നത്. ഈ ബോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് കെഎംആര്‍എല്ലിന് കൈമാറിയത്. 23 ബോട്ടുകളാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച് നല്‍കുന്നത്. ഏഴരക്കോടിയാണ് ഒരു ബോട്ടിന്റെ നിര്‍മാണ ചെലവ് കണക്കാക്കിയിരിക്കുന്നക്. 50 പേര്‍ക്ക് ഇരിക്കാവുന്ന 15 ചെറു ബോട്ടുകളുടെ കരാറും കഴിഞ്ഞ ദിവസം കെഎംആര്‍എലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ഒപ്പുവച്ചിട്ടുണ്ട്. മെട്രോ ട്രെയിനിന് ഉള്‍വശത്തെ മാതൃകയിലുള്ള ബോട്ട്, പൂര്‍ണമായും ശീതീകരിച്ചതാണ്. സീറ്റുകളും മെട്രോ ട്രെയിനിലേതിന് സമാനമായിരിക്കും. മണിക്കൂറില്‍ എട്ട് നോട്ടിക്കല്‍ മൈലാണു വേഗം. ഫ്ളോട്ടിംഗ് പോണ്ടൂണുകളും, അതിവേഗ ചാര്‍ജിംഗും, ശീതികരിച്ച ബോട്ടും യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. കൊച്ചി കായലിലെ പത്തോളം ദ്വീപുകളടക്കം നഗരവുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അറിയാം നിരക്കുകള്‍
ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 20 രൂപയാണ് ഈടാക്കുക. പരമാവധി 40 രൂപയും. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് ഈടാക്കുക. മാത്രമല്ല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്രാ പാസ്സുകളില്‍സ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിവാര പാസിന് 180 രൂപയും , പ്രതിമാസത്തേതിന് 600 രൂപയും മൂന്നു മാസത്തേക്കുള്ള പാസ്സിന് 1500 രൂപ നിരക്കിലുമായിരിക്കും ഈടാക്കുക.
ഇന്‍ഫോപാര്‍ക്കിന് നിരാശ
വാട്ടര്‍മെട്രോയുടെ ഏറ്റവും ആകര്‍ഷക സര്‍വീസായ കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള പദ്ധതി ഒഴിവാക്കിയത് ഐടി മേഖലയിലുള്‍പ്പടെയുള്ളവര്‍ക്ക് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐടി പാര്‍ക്കുകളെ ബന്ധിപ്പിച്ച് ഇന്‍ഫോപാര്‍ക്ക്1, ഇന്‍ഫോപാര്‍ക്ക് 2 എന്നിങ്ങനെ രണ്ട് ബോട്ട് ടെര്‍മിനലുകളാണ് പ്രഖ്യാപിച്ചിരുന്നത്. വൈറ്റിലയില്‍ നിന്നുള്‍പ്പെടെ ബോട്ടില്‍ ഐടി പാര്‍ക്കിലെത്താവുന്ന തരത്തിലായിരുന്നു ഇവ. ഈ റൂട്ടിലുള്ള കോഴിച്ചിറ ബണ്ട് തടസമായി ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. ബണ്ട് മാറ്റി സ്ഥാപിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നിരിക്കേ ഈ മേഖലയിലെ ചില സ്ഥാപനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് പദ്ധതി വേണ്ടെന്ന് തീരുമാനിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബണ്ട് മാറ്റിയാല്‍ ഓരുവെള്ളം കയറുമെന്നതുള്‍പ്പെടെയുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.