16 May 2023 4:45 PM IST
വിദേശ രാജ്യങ്ങളില്‍ കെഎസ്‌യുഎമ്മിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍
Kochi Bureau
Summary
- വിദേശ പങ്കാളിത്തതിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം; തുടക്കം യുഎസ്എ, യുഎഇ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍
കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിദേശ രാജ്യങ്ങളില്‍ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിലേക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് പങ്കാളികളെ ക്ഷണിക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള പ്രവാസികള്‍ക്ക് https://startupmission.in/startupcommons/ ഈ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കെഎസ്‌യുഎം കേരളത്തില്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി സ്റ്റാര്‍ട്ടപ്പ് സംരംഭകരായ പ്രവാസികള്‍ക്കുള്‍പ്പെടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്. കെഎസ്‌യുഎം രജിസ്‌ട്രേഷനുള്‍പ്പെടെ ഈ കേന്ദ്രങ്ങള്‍ വഴി നടക്കും.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാല്‍വയ്പ്പാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കാനുള്ള തീരുമാനമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകവിപണിയിലേക്കുള്ള വാതിലായി ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് പ്രോത്സാഹനമാകുന്ന നിരവധി ലക്ഷ്യങ്ങളാണ് ഈ പദ്ധതിക്കുള്ളത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. വിദേശ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള സുപ്രധാന ആശയവിനിമയ കേന്ദ്രമായി ഇത് മാറും. ഇതിനു പുറമെ, കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് പ്രവാസി സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സാധിക്കും. നിക്ഷേപം, പുതിയ പദ്ധതികള്‍, ആശയ കൈമാറ്റം എന്നിവ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി നടക്കും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രവാസി എയ്ഞ്ചല്‍ നിക്ഷേപകരെ കണ്ടെത്താനാകും. സംസ്ഥാനത്തെ ഐടി പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം കൂട്ടുവാനും ഇതിലൂടെ പദ്ധതിയിടുന്നു.
കേരളത്തില്‍ കമ്പനി രജിസ്‌ട്രേഷനുള്ള എല്ലാ സഹായവും ഇന്‍ഫിനിറ്റി കേന്ദ്രങ്ങളിലൂടെ ലഭിക്കും. വിദേശ കേന്ദ്രങ്ങളില്‍ പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശത്ത് സ്വന്തം ഓഫീസില്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഉത്പന്ന രൂപീകരണം, വികസനം എന്നീ മേഖലകളില്‍ ഇന്‍കുബേഷന്‍ സഹായവും ലഭിക്കും. കെഎസ്‌യുഎമ്മിന്റെ വിവിധ പരിപാടികളില്‍ നിക്ഷേപകന്‍, സംരംഭകന്‍, സ്ഥാപകന്‍, വിദഗ്‌ധോപദേഷ്ടാവ് എന്നീ നിലകളില്‍ പങ്കെടുക്കാനാകും. കേരളത്തിലെ എയ്ഞ്ചല്‍ ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കെഎസ്‌യുഎം ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ പങ്കാളികളാകാനും സാധിക്കും.
കെഎസ്‌യുഎമ്മിന്റെ ബിസിനസ്-കോര്‍പ്പറേറ്റ് യോഗങ്ങള്‍, ഡെമോ ഡേയ്‌സ്, ഹാക്കത്തണുകള്‍, ഇന്നോവേഷന്‍ ചലഞ്ചുകള്‍ എന്നിവയിലെല്ലാം പങ്കെടുക്കാന്‍ സാധിക്കും. അതത് രാജ്യങ്ങളിലെ വിദേശപങ്കാളി വഴിയാകും ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.