15 May 2023 6:45 PM IST
റോബോട്ടിക്‌സും എഐയും കുട്ടികളിലേക്കെത്തിക്കാന്‍ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പുകള്‍ സഹായിക്കും; മന്ത്രി വി ശിവന്‍കുട്ടി
Kochi Bureau
Summary
- 14 ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന ക്യാമ്പ് ചൊവ്വാഴ്ച അവസാനിക്കും
കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പിന് തിരിതെളിഞ്ഞു. റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ ഇതിലൂടെ വഴിയൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കളമശ്ശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ 'ലിറ്റില്‍ കൈറ്റ്‌സ്' അംഗങ്ങള്‍ക്കുള്ള സ്ഥാനതല സഹവാസ ക്യാമ്പ് നടക്കുന്നത്. 2000 സ്‌കൂളുകളിലേക്കായി 9000 റോബോട്ടിക്‌സ് കിറ്റുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ 3000 കിറ്റുകള്‍ കൂടി ഈ വര്‍ഷം ലഭ്യമാക്കും. കൈറ്റ് മാസ്റ്റര്‍മാരായി പരിശീലനം നേടിയ നാലായിരം അധ്യാപകരിലൂടെ 60,000 കൈറ്റ്‌സ് അംഗങ്ങള്‍ക്ക് നേരിട്ടും, അവരിലൂടെ 12 ലക്ഷം മറ്റ് കുട്ടികള്‍ക്കും റോബോട്ടിക്‌സില്‍ പരിശീലനം നല്‍കും മന്ത്രി അറിയിച്ചു.
കേരളത്തിലെ മുഴുവന്‍ ക്ലാസ് മുറികളിലും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ ഇതില്‍ വിദ്യാര്‍ത്ഥികളുടെം പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനായാണ് ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകള്‍ രൂപീകരിച്ചത്. ഇന്ന് രാജ്യത്തെയെന്നല്ല ലോകത്തെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായി ഈ ക്ലബ്ബുകള്‍ മാറിയിട്ടുണ്ട്. നൂതനാശയങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഇന്നവേഷ9 അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓണ്‍ തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങള്‍ക്കായും പ്രയോജനപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇതിലേക്ക് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുകയാണ് ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പിന്റെ ലക്ഷ്യം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ രൂപകല്‍പ്പന, പ്രവര്‍ത്തനം, നിര്‍മാണം എന്നിവ മനസിലാക്കാന്‍ പരിശീലന ക്യാമ്പുകള്‍ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൈറ്റ് സി.ഇ.ഒ. കെ. അ9വര്‍ സാദത്ത്, വി കണ്‍സോള്‍ മാനേജിംഗ് ഡയറക്ടര്‍ ജോയ് സെബാസ്റ്റ്യന്‍, ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ എന്നിവര്‍ സംസാരിച്ചു. സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത 14000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉള്‍പ്പെടുത്തി 'ലിറ്റില്‍ കൈറ്റ്‌സ്' ജില്ലാ ക്യാമ്പുകള്‍ ഫെബ്രുവരിയില്‍ നടത്തിയിരുന്നു. ഈ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കുന്നത്.
അരിക്കൊമ്പന്‍ മുതല്‍ വളപ്രയോഗത്തിനുള്ള റോബോട്ട് വരെയുള്ള കൊച്ചു മാതൃകകളിലൂടെ അത്ഭുതങ്ങളൊരുക്കിയിട്ടുള്ളതാണ് ലിറ്റില്‍ കൈറ്റ്‌സിന്റെ പ്രദര്‍ശനം. വിലകൂടിയ ഘടകഭാഗങ്ങളൊന്നും വാങ്ങാതെ സ്വന്തം വീട്ടിലും പരിസരപ്രദേശങ്ങളിലും മാത്രം ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ഈ മാതൃകകള്‍ ഉണ്ടാക്കിയതെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം, രീതികള്‍, വിദഗ്‌ധോപദേശം എന്നിവ കുട്ടികള്‍ക്ക് നേരിട്ടറിയുന്നതിനുള്ള അസുലഭ അവസരമാണ് കെഎസ് യുഎം ആസ്ഥാനത്ത് വച്ച് നടത്തിയ ഈ പരിപാടിയിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
14 ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്ഥാന ക്യാമ്പ് ചൊവ്വാഴ്ച അവസാനിക്കും.