13 May 2023 5:15 PM IST
Summary
- 2019 ലെ മുഖ്യമന്ത്രിയുടെ നൂതനാശയങ്ങള്‍ക്കുള്ള ഇന്നൊവേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ അംഗങ്ങളായുള്ള ലിറ്റില്‍ കൈറ്റ്സിന്റെ സംസ്ഥാനതല സഹവാസ ക്യാമ്പ് ഈ മാസം 15, 16 തിയതികളില്‍ കളമശ്ശേരി സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നടക്കും. സബ് ജില്ലാ ക്യാമ്പില്‍ പങ്കെടുത്ത 14000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള 'ലിറ്റില്‍ കൈറ്റ്സ്' ജില്ലാ ക്യാമ്പുകള്‍ ഫെബ്രുവരിയില്‍ നടത്തിയിരുന്നു. ഈ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കുന്നത്.
തിങ്കളാഴ്ച്ച രാവിലെ 11ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. ആദ്യ ദിവസം രാവിലെ അനിമേഷന്‍, റോബോട്ടിക്സ് തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, വി കണ്‍സോള്‍ എംഡി ജോയ് സെബാസ്റ്റ്യന്‍, ഡിജിറ്റല്‍ മീഡിയാ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ എന്നിവര്‍ ക്ലാസുകളെടുക്കും.
15ന് ഉച്ചയ്ക്ക് ശേഷം സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫാബ്ലാബ്, മേക്കര്‍ വില്ലേജ്, മേക്കര്‍ ലാബ് തുടങ്ങിയ സംവിധാനങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിക്കും. ക്യാമ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, റോബോറ്റിക്സ്, അനിമേഷന്‍, ത്രിഡി ക്യാരക്ടര്‍ മോഡലിംഗ്, 3ഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ക്ലാസുകളെടുക്കും. അസിമോവോ ടെക്നോളജീസ്, ഫ്യൂച്ചര്‍ ത്രിഡി, ചാനല്‍ ഐആം തുടങ്ങിയ കമ്പനികള്‍ അവതരണം നടത്തും. അനിമേഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനര്‍ സുധീര്‍ പിവൈയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രചാരകന്‍ ഇ നന്ദകുമാറും ക്ലാസുകളെടുക്കും. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവന്‍ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തും.
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റില്‍ കൈറ്റ്സ്' ഐടി ക്ലബ്ബുകളില്‍ കേരളത്തിലെ 2000 പൊതുവിദ്യാലയങ്ങളിലായി നിലവില്‍ 62,000 കുട്ടികള്‍ അംഗങ്ങളാണ്. 2019 ലെ മുഖ്യമന്ത്രിയുടെ നൂതനാശയങ്ങള്‍ക്കുള്ള ഇന്നൊവേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഈ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.