12 May 2023 6:54 PM IST
Summary
- കൈകാര്യം ചെയ്യുന്ന സ്വർണത്തിന്റെ അളവിൽ 2% ഇടിവ്
- അറ്റ പലിശ വരുമാനം 1,182.6 കോടി രൂപ
ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ പ്രമുഖരായ മണപ്പുറം ഫിനാൻസ് 2022-23 സാമ്പത്തിക വർഷം നാലാം പാദത്തിലെ പ്രവർത്തന ഫലങ്ങൾ പുറത്തുവിട്ടു. അറ്റാദായം 58.2 ശതമാനം വർധിച്ച് 420 കോടി രൂപയായി, മുൻ വർഷം ഇതേ കാലയളവിൽ 271 കോടി രൂപയായിരുന്നു അറ്റാദായം . 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 0.75 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റ പലിശ വരുമാനം (എൻഐഐ) 1,182.6 കോടി രൂപയായി ഉയർന്നു, മുൻവർഷം സമാന കാലയളവിൽ ഇത് 986.5 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 1,771.68 കോടി രൂപയായിരുന്നു, ഇത് മുൻ വർഷം നാലാം പാദത്തിലെ 1,481.35 കോടി രൂപയെ അപേക്ഷിച്ച 19.59 ശതമാനം വളർച്ച രേഖപ്പെടുത്തി.
തൃശൂർ, ആസ്ഥാനമായ കമ്പനിയുടെ മൊത്തം ലാഭത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്ന സ്വർണ്ണ വായ്പ ബിസിനസിന്റെ നികുതിക്ക് മുമ്പുള്ള ലാഭം 16% വർധിച്ച് 422 കോടി രൂപയായി. മൈക്രോ ഫിനാൻസ് വിഭാഗത്തിന്റെ നികുതിക്ക് മുമ്പുള്ള ലാഭം 144 കോടി രൂപയാണ്. ഒരു വർഷം മുമ്പ് സമാന കാലയളവിൽ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നിരുന്നാലും, മണപ്പുറത്തിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള സ്വർണ്ണ വായ്പാ ആസ്തികൾ വാർഷിക അടിസ്ഥാനത്തിൽ 2% കുറഞ്ഞു. ഉയർന്ന സ്വർണ്ണവില മൂലം പണയം വയ്ക്കുന്ന സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞതാണ് ഇതിന് കാരണം. അതേസമയം സ്വർണ്ണ വായ്പ ഉപഭോക്താക്കളുടെ പോർട്ട്‌ഫോളിയോ വാർഷിക അടിസ്ഥാനത്തിൽ 0.4% വർദ്ധിച്ചു.
മണപ്പുറം ഫിനാൻസിന്റെ പ്രൊമോട്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വി.പി. നന്ദകുമാർ തന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം നേരിടുന്ന ഘട്ടത്തിലാണ് നാലാം പാദ ഫലങ്ങൾ പുറത്തുവന്നിട്ടുള്ളത് . എൻഫോഴ്‌സ്‌മെന്റ് ഏജൻസി കഴിഞ്ഞയാഴ്ച നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഓഹരികൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു.