29 April 2023 12:30 PM IST
Summary
140 കോടി ജനങ്ങള്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകരെ രാഷ്ട്രസേവകരായി പ്രഖ്യാപിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സഹകരണ എക്‌സ്‌പോയിലെ 'ആധുനിക കൃഷി സമ്പ്രദായം സഹകരണ മേഖലയുടെ ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ലാഭത്തിലെ ഒരുവിഹിതം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അതിനുവേണ്ടി പ്രത്യേക നികുതി ചുമത്തി കാര്‍ഷിക ബഡ്ജറ്റ് കൊണ്ടുവരണം. പുതിയ കൃഷിരീതികളിലൂടെ ഉത്പാദനം വര്‍ധിപ്പിക്കണം. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ സമ്പദ്ഘടനയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ മാറ്റം വരുത്തണം. ഒപ്പം വാട്ടര്‍ ഫേര്‍ട്‌ലൈസറിന് സബ്‌സിഡി നല്‍കണം,' അദ്ദേഹം പറഞ്ഞു.
ഹരിതവിപ്ലവം കാര്‍ഷിക മേഖലയിലെ ഒരു വലിയ കുതിച്ചുചാട്ടമായിരുന്നു. ശാസ്ത്രീയ രീതി അവലംമ്പിച്ചുള്ള കൃഷിരീതി നമുക്ക് ആവശ്യമാണെന്നും സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ഉത്പാദനം വര്‍ധിപ്പിച്ച് ഉത്പാദനചെലവ് കുറയ്ക്കണമെന്നും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. പ്രേമ പറഞ്ഞു.