2 May 2023 2:49 PM IST
Summary
- തുടർച്ചയായ 3 പാദങ്ങളില്‍ ലാഭമുണ്ടായാല്‍ ഐപിഒ പരിഗണിക്കും
- 2023-24ല്‍ അറ്റവരുമാനം 1000 കോടി രൂപയാകുമെന്ന് പ്രതീക്ഷ
- ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 40-50 കോടി രൂപ ലാഭം
ഫിൻടെക് പ്ലാറ്റ്‌ഫോമായ മൊബിക്വിക് മാർച്ച് പാദത്തിൽ ലാഭത്തിലേക്ക് എത്തി. 2022-23 സാമ്പത്തിക വർഷത്തില്‍ 560 കോടി രൂപയുടെ അറ്റ വരുമാനമാണ് കമ്പനിക്ക് നേടാനായത്, 39% അറ്റാദായ വളർച്ച. നടപ്പ് സാമ്പത്തിക വർഷത്തിൽ മുഴുവൻ പാദങ്ങളിലും ലാഭം നേടാനാകുമെന്നും വരുമാനം 1,000 കോടി രൂപയിലെത്തുമെന്നും പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സഹസ്ഥാപകൻ ഉപാസന ടാക്കു പറഞ്ഞു.
പണം ചെലവിടല്‍ ഏകദേശം 40% കുറക്കാനായിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 40-50 കോടി ലാഭം ഉണ്ടാക്കാനാകുമെന്നു കരുതുന്നതായും ടാക്കു പറയുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 50 ശതമാനവും ഡിജിറ്റൽ ക്രെഡിറ്റ് ഉൽപന്നങ്ങളുടെ വിതരണത്തിൽ നിന്നാണ് ബാക്കി പണം പേയ്‌മെന്റുകളിൽ നിന്ന് വരുന്നു.
"ക്രെഡിറ്റ് സജീവ ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷത്തിൽ നിന്ന് 4 ദശലക്ഷമായി ഉയർന്നു.ഞങ്ങളുടെ ഉപയോക്താക്കളിൽ 75 ശതമാനത്തിലധികം പേരും ഫസ്റ്റ് ക്രെഡിറ്റ് കസ്റ്റമർമാരാണ് എന്നതിനാലാണ് 'പേ ലേറ്റര്‍' ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത് ," ടാക്കു പറഞ്ഞു.
കമ്പനി ഐപിഒ ലക്ഷ്യം വെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി 2-3 ലാഭകരമായ പാദങ്ങൾ സംഭവിക്കുകയാണെങ്കില്‍ തീർച്ചയായും ഐപിഒ സാധ്യതകള്‍ പരിഗണിക്കും. എന്നാലിപ്പോള്‍ കാത്തിരിപ്പിന്‍റെ ഘട്ടമാണെന്നും ഒരു സാങ്കേതിക ഇന്റർനെറ്റ് കമ്പനിക്കും ലിസ്റ്റിംഗിന് പോകാൻ വിപണി അനുയോജ്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.