30 Jun 2023 5:45 PM IST
Summary
- കറിപൊടി നിര്‍മ്മാതാക്കള്‍ ഉത്പാദന മേഖല കേന്ദ്രീകരിച്ച് കുരുമുളക് വാങ്ങുന്നു
കുരുമുളക് വിപണിലെ മാന്ദ്യം ഒരുമാസം പിന്നിട്ടതോടെ കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്. വിവിധ ആവശ്യങ്ങള്‍ക്ക് പണം കണ്ടത്താനുള്ളവര്‍ വില ഉയരുമെന്ന കണക്ക് കൂട്ടലിലാണ് ചരക്ക് പിടിക്കുന്നത്. എന്നാല്‍ നിരക്ക് ഉയര്‍ത്തി ഉത്പന്നം ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഇനിയും തയ്യാറാവാതെ വിപണിയില്‍ നിന്നും അകന്ന് മാറിയത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ ടെര്‍മിനല്‍ മാര്‍ക്കറ്റിനെ തഴഞ്ഞ് കാര്‍ഷിക മേഖലകളില്‍ നിന്നും നേരിട്ട് മുളക് ശേഖരിക്കുന്നുണ്ട്. ഇതിലുടെ അവര്‍ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്.
ഇറക്കുമതി ചരക്ക് പുര്‍ണമായി ഒഴിവാക്കി നാടന്‍ കുരുമുളക് സംഭരിക്കാനാവുമെന്നതും വിപണി അറിയാതെ മുളക് സംഭരിക്കുമ്പോള്‍ വിലക്കയറ്റം ഒഴിവാക്കാമെന്നതും. കറിപൊടി നിര്‍മ്മാതാക്കളാണ് ഉത്പാദന മേഖല കേന്ദ്രീകരിച്ച് കുരുമുളക് വാങ്ങുന്നത്. ഇതിനിടയില്‍ വിദേശ ചരക്ക് കാര്‍ഷിക മേഖലയില്‍ വിലകുറച്ച് വില്‍പ്പനയ്ക്ക് ഇറക്കാനും ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. വിപണി വിലയിലും താഴ്ത്തിയാണ് ചരക്ക് ഇറക്കുന്നത്. അതേസമയം ഓഫ് സീസണായതിനാല്‍ മുളക് വില ഉയരുമെന്ന ഉറച്ച നിലപാടിലാണ് ഇടുക്കി, വയനാട് മേഖലകളിലെ സ്റ്റോക്കിസ്റ്റുകള്‍. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 48,800 രൂപ.
താല്‍പര്യം ഏലത്തിനോട്
ലേലത്തിനുള്ള ഏലക്ക വരവ് മുപ്പതിനായിരം കിലോയില്‍ ഒരുങ്ങിയതോടെ വാങ്ങലുകാര്‍ ചരക്കില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചു. 22,270 കിലോ ഏലക്കയുടെ കൈമാറ്റമാണ് നടന്നത്. വാങ്ങല്‍ താല്‍പര്യം ശക്തമായതോടെ ശരാശരി ഇനങ്ങളുടെ വില രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ കിലോ 1407 രൂപയിലെത്തി. മികച്ചയിനങ്ങള്‍ കിലോ 2012 രൂപയായി കുതിച്ചു കയറി. ലഭ്യത ചുരുങ്ങിയ സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ വിലക്കയറ്റത്തിന് വേഗയേറുമെന്ന നിഗമനത്തിലാണ് ഉത്പാദകര്‍.
വില ഉയര്‍ത്തി റബര്‍ ലോബി
കുറഞ്ഞ വിലയ്ക്ക് റബര്‍ ലഭ്യമാവില്ലെന്ന് വ്യക്തമായതോടെ ടയര്‍ ലോബി വില ഉയര്‍ത്താന്‍ തയ്യാറായി. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ വില ക്വിന്റ്റലിന് 200 രൂപ ഒറ്റയടിക്ക് ഉയര്‍ന്ന് 15,500 ല്‍ വിപണനം നടന്നു. അഞ്ചാം ഗ്രേഡിനും 200 രൂപ ഉയര്‍ന്നു. ലാറ്റക്സ് വില 11,600 ല്‍ നിന്നും 11,800 ലേയ്ക്ക് കയറിയെങ്കിലും ലഭ്യത കുറവായിരുന്നു. ഇതിനിടയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ റബര്‍ വിലയിലെ ഉണര്‍വ് ഇന്ത്യന്‍ വ്യവസായികളെ അല്‍പ്പം അസ്വസ്ഥതരാക്കിയെന്ന് വേണം അനുമാനിക്കാന്‍. ചൈന, ജപ്പാന്‍ മാര്‍ക്കറ്റുകളില്‍ റബര്‍ അവധി വിലകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തവാരം ബാങ്കോക്കില്‍ റെഡി ചരക്ക് വിലയിലും ഉണര്‍വിന് സാധ്യത.