image

9 Feb 2023 3:15 PM IST

Business

സെലിബ്രറ്റികളുള്‍പ്പെടെ ആരാധകരായിട്ടുള്ള 'ശിവ' യുടെ വര്‍ണ്ണങ്ങളില്‍ ചാലിച്ച വിജയഗാഥ

MyFin Bureau

shivaah smera dress painting
X

Summary

  • ഏഴുവര്‍ഷം മുമ്പ് 1800 രൂപയ്ക്ക് തുടങ്ങിയ സംരംഭം


ഏഴുവര്‍ഷം മുമ്പ് ബോറടി മാറ്റാനായി തന്റെ മകളുടെ കുഞ്ഞുടുപ്പില്‍ ചെറിയ ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിക്കുന്നു. അവിടെ തുടങ്ങിയ തൃശ്ശൂര്‍കാരി സ്‌മേര അജിത്തിന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ച വസ്ത്രങ്ങളുടെ ജൈത്രയാത്ര ഇന്ന് സെലിബ്രറ്റികളില്‍ വരെ എത്തിനില്‍ക്കുകയാണ്. 1800 രൂപയ്ക്ക് ആരംഭിച്ച ശിവ എന്ന ബ്രാന്റിന് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.

എംബിഎ കാരിയില്‍ നിന്നും സംരംഭകയിലേക്ക്

എംബിഎകാരിയായ സ്‌മേര ജോലി ചെയ്തുവരികെയായിരുന്നു. അതിനിടയില്‍ ഒരു മകള്‍ ജനിച്ചു. അതോടു കൂടി ജോലി ഉപേക്ഷിച്ച് വീട്ടില്‍ ഇരിപ്പായി. ഡെലിവറിക്കു ശേഷം ഉണ്ടാകുന്ന വിഷാദവും ബോറടിയും മാറ്റാനായി മകളുടെ ഉടുപ്പില്‍ ഒരു മയില്‍പ്പീലിയുടെ ചിത്രം വരച്ചു ചേര്‍ക്കുന്നു. മകളുടെ ചോറൂണിന് ആ വസ്ത്രം ധരിപ്പിച്ചതോടെ പലര്‍ക്കും അത് നല്ലരീതിയില്‍ ഇഷ്ടപ്പെടുകയും സാരിയില്‍ ഇങ്ങനെയൊരു വര്‍ക്ക് ചെയ്തു തരാമോ എന്നു ചോദിക്കുകയും ചെയ്യുന്നു.

അങ്ങനെയാണ് തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന 1800 രൂപ വച്ച് മൂന്ന് സാരിയും ഒരു പെയിന്റും വാങ്ങി സ്‌മേര ഈ സംരംഭത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് സ്‌മേരയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സാധാരണക്കാര്‍ മുതല്‍ സുരേഷ് ഗോപിയെ പോലെയുള്ള വലിയ സെലിബ്രറ്റികള്‍ വരെ ഉപഭോക്താക്കളായുള്ള ഇന്ത്യയൊട്ടാകെ അറിയപ്പെടുന്നൊരു സംരംഭത്തിന്റെ മുതലാളിയും തൊഴിലാളിയും ഒക്കെയാണ് ഇന്ന് സ്‌മേര.

ശിവയുടെ കീഴില്‍ നാല് തരം ഉത്പന്നങ്ങള്‍

സാരി കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവര്‍ പറയുന്നതിനനുസരിച്ച് ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുകയും സ്റ്റിച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്. ജനിച്ചുവീണ കുഞ്ഞിനു തൊട്ട് വയസ്സായവര്‍ക്കുവരെയുള്ള എല്ലാതരം ഡ്രസ്സുകളും ഇവിടെ ലഭ്യമാണ്. സ്റ്റിച്ചിംഗിനു മാത്രം തൊഴിലാളികള്‍ ഉണ്ട്. ചിത്രങ്ങളൊക്കെയും വരക്കുന്നത് സ്മെറ ഒറ്റയ്ക്കാണ്. ഇത് കൂടാതെ മുളയും മറ്റും കൊണ്ടുള്ള വീട് അലങ്കരിക്കാനുള്ള ഐറ്റങ്ങളും വ്യത്യസ്തമായ ആഭരണങ്ങളും ക്യാന്‍വാസ് പെയിന്റിംഗും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്.

സംരംഭം വീട്ടില്‍ തന്നെ

വീട്ടില്‍ നിന്നു തന്നെയാണ് വര്‍ക്കുകള്‍ ഒക്കെയും ചെയ്യുന്നത്. വസ്ത്രങ്ങള്‍ക്ക് ആവശ്യമായ തുണിവാങ്ങുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം സ്റ്റിച്ചിംഗ് യൂണിറ്റുകള്‍ ഉണ്ട്. സ്മേരയുടെ ജോലികള്‍ ഒക്കെയും വീട്ടില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഡ്രസ്സിന്റെയും അലങ്കാരങ്ങളും പാക്കിംഗും ഒക്കെയും ഒറ്റയ്ക്ക തന്നെയാണ്.

സപ്പോര്‍ട്ടിനായി ഭര്‍ത്താവും വീട്ടുകാരും എന്നും കൂടെയുണ്ട്. കുറച്ചധികം വര്‍ക്കുള്ള ഒരു സാരിക്ക് വേണ്ടി ഒരാഴ്ചയോളം സമയം എടുക്കാറുണ്ടെന്ന് സ്മേറ പറയുന്നു. പക്ഷെ ഇഷ്ടപ്പെട്ട ജോലി ആയതിനാല്‍ തന്നെ വളരെയധികം ആവേശത്തോടെയാണ് ഓരോ വര്‍ക്കും ചെയ്യുന്നത്.

ലാഭം സുനിശ്ചിതം

സംരംഭത്തില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണ സംതൃപ്തയാണ് സ്‌മേര. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങിയതാണെങ്കിലും ഇന്ന് വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്ന് സ്മേര അഭിമാനത്തോടെ പറയുന്നു.


സംരംഭം ഓണ്‍ലൈന്‍ വഴി

കൂടുതലും ഓണ്‍ലൈന്‍ വഴിയാണ് വ്യാപാരം നടക്കുന്നത്. വാങ്ങി ഉപയോഗിച്ചവര്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ട് കൂടുതല്‍ പബ്ലിസിറ്റി നേടാന്‍ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സ്മേര പറയുന്നു. കൂടാതെ ഫേസ്ബുക്ക്, വാട്സാപ്, ഇന്‍സ്റ്റാഗ്രാം ഗൂഗിള്‍ എന്നിവ വഴി നല്ലരീതിയില്‍ കച്ചവടം നടക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം ഉപഭോക്താക്കള്‍ ഉണ്ട്. കൊറിയര്‍ വഴിയാണ് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ ലഭിക്കുന്നത്. സ്ഥിരം ഉപഭോക്താക്കളും സീസണലായിട്ടുള്ള ഉപഭോക്താക്കളും ഇവര്‍ക്കുണ്ട്.

ഒരു പ്രൊഡക്ട് ബുക്ക് ചെയ്തുകഴിഞ്ഞാല്‍ ഡെലിവറി സമയം പറയുന്നത് 10 മുതല്‍ 15 ദിവസം വരെയാണ്. എന്നാല്‍ ചില വര്‍ക്കുകള്‍ക്ക് ഇതിലും സമയം വേണ്ടിവരും എന്നാണ് സ്മേര പറയുന്നത്. ഇത്രയും അധ്വാനമുള്ള ജോലി ആയതുകൊണ്ടു തന്നെ ഉത്പന്നങ്ങള്‍ക്ക് താരതമ്യേന വില കൂടുതലാണ്. എന്നാല്‍ ക്വാളിറ്റി ഉള്ളതുകൊണ്ട് വില ഒരു പ്രശ്നമാകുന്നില്ല ഇവിടെ.

ആറുവര്‍ഷം കൊണ്ട് നല്ലതും വേദനാജനകവുമായ ഒരുപാട് അനുഭവങ്ങള്‍ സ്മെറയ്ക്ക് ഉണ്ടായിട്ടുണ്ട്. ആ അനുഭവങ്ങളിലൂടെ പകര്‍ന്നുകിട്ടിയ പാഠങ്ങളിലൂടെയായിരുന്നു മുമ്പോട്ടുള്ള പ്രയാണം. ഉപഭോക്താക്കള്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രോത്സാഹനം നല്‍കിയത്. അതില്‍ നിന്നും ആര്‍ജിച്ചെടുത്തതാണ് ശിവ എന്ന ബ്രാന്റ്.

ഒരു സംരംഭം തുടങ്ങുന്ന സമയത്ത് അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടാകും. പലരും കളിയാക്കും കുറ്റപ്പെടുത്തും. നമ്മുടെ കഴിവുകളില്‍ നമുക്കു വിശ്വാസം ഉണ്ടെങ്കില്‍ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. തുടങ്ങാനുള്ളത് ഇന്ന് തന്നെ തുടങ്ങുക എന്നതാണ് സ്മേര പകര്‍ന്നു തരുന്ന പാഠം.