7 Aug 2025 6:43 AM IST
Summary
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ്. ഓഗസ്റ്റ് 27 മുതൽ അധിക ചാർജ് നിലവിൽ വരും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കാരണം, യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 25% അധിക താരിഫ് ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇനി മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% സംയോജിത താരിഫ് നേരിടേണ്ടിവരും. " ഇറക്കുമതികൾക്ക് ബാധകമായ മറ്റ് ഏതെങ്കിലും തീരുവകൾ, ഫീസ്, നികുതികൾ, പിഴകൾ, ചാർജുകൾ എന്നിവയ്ക്ക് പുറമേയായിരിക്കും പരസ്യ മൂല്യ തീരുവ ചുമത്തുന്നത്" എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 21 ദിവസത്തെ കാലയളവിനുശേഷം ഓഗസ്റ്റ് 27 മുതൽ അധിക ചാർജ് നിലവിൽ വരും. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമായ ചൈനയിൽ ട്രംപ് അധിക താരിഫ് ഏർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ട്രംപിൻറെ നടപടി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഈ അധിക തീരുവ തുണിത്തരങ്ങൾ, സമുദ്ര, തുകൽ കയറ്റുമതി മേഖലൾക്ക് കനത്ത തിരിച്ചടിയാണ്. പുതിയ താരിഫുകൾ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 30% വരെ കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. അതായത് കയറ്റുമതി 86.5 ബില്യൺ ഡോളറിൽ നിന്ന് 60.6 ബില്യൺ ഡോളറായി ഇടിയും. ഇത് ഒരു വലിയ തിരിച്ചടിയായിരിക്കും, കാരണം യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ്. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇന്ത്യയുടെ ജിഡിപി വളർച്ചയെ തടസ്സപ്പെടുത്തുന്ന ഒരു സമ്മർദ്ദ തന്ത്രമായിട്ടാണ് വിദഗ്ദ്ധർ ഇതിനെ കാണുന്നത്
ട്രംപിൻറെ താരിഫ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ്?
പുതുക്കിയ താരിഫ് ഘടന ഇന്ത്യയെയും ബ്രസീലിനെയും ഗണ്യമായി ബാധിക്കും. ഇരു രാജ്യങ്ങളും യുഎസ് വിപണിയിലെ ഏറ്റവും ഉയർന്ന തീരുവ നിരക്കായ 50% നേരിടുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങൾ കുറഞ്ഞ താരിഫുകളുടെ ഗുണം നേടുന്നു: മ്യാൻമർ 40%, തായ്‌ലൻഡ്, കംബോഡിയ എന്നിവയ്ക്ക് 36% വീതവും, ബംഗ്ലാദേശിന് 35% ഉം, ഇന്തോനേഷ്യയ്ക്ക് 32% താരിഫാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചൈനയ്ക്കും ശ്രീലങ്കയ്ക്കും 30% നിരക്കും. മലേഷ്യയ്ക്ക് 25% തീരുവയുണ്ട്. ഫിലിപ്പീൻസിനും വിയറ്റ്നാമിനും 20% വീതമുള്ള ഏറ്റവും കുറഞ്ഞ നിരക്കുകൾ ആസ്വദിക്കാം.
താരിഫ് ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഈ താരിഫുകളുടെ ആഘാതം നേരിടുന്ന വ്യവസായങ്ങളിൽ തുണിത്തരങ്ങൾ/വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകൽ, പാദരക്ഷകൾ, രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഉയർന്ന താരിഫുകളിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഔഷധ ഉൽപ്പന്നങ്ങൾ, അസംസ്കൃത എണ്ണ, ശുദ്ധീകരിച്ച ഇന്ധനങ്ങൾ, പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി, ഊർജ്ജ വിഭവങ്ങൾ, നിർണായക ധാതുക്കൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട്‌ഫോണുകൾ, ഫ്ലാറ്റ് പാനൽ ഡിസ്‌പ്ലേകൾ, ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ ഉൾപ്പെടെയുള്ള വിവിധ ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയാണ്. കയറ്റുമതി വ്യവസായ പ്രതിനിധികളുടെ അഭിപ്രായത്തിൽ ഈ നീക്കം യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കും. 2024-25 ലെ വ്യാപാര സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 131.8 ബില്യൺ ഡോളറിലെത്തിയെന്നാണ്. അതിൽ 86.5 ബില്യൺ ഡോളർ കയറ്റുമതിയിലും 5.3 ബില്യൺ ഡോളർ ഇറക്കുമതിയിലുമാണ്.
ഇലക്ട്രോണിക്സ്, ഫാർമ തുടങ്ങിയ ചില വിഭാഗങ്ങളെ ഈ അധിക നിരക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും 15-30% ബക്കറ്റിലുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പല ഇന്ത്യൻ കയറ്റുമതികളും തടസ്സപ്പെടും. താരിഫ് നിരക്ക് 50% ആയി ഇരട്ടിയാക്കുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താരിഫ് നിലവിൽ വരുന്നതോടെ 2026 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ പ്രവചനം 6% ൽ താഴെയാക്കേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു. അധിക താരിഫോടെ, ഒരു വ്യാപാര കരാർ അന്തിമമാക്കാൻ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം വർദ്ധിക്കുന്നു. റഷ്യൻ വാങ്ങലുകൾ ഘട്ടം ഘട്ടമായി കുറയ്ക്കാനും മറ്റ് സ്രോതസ്സുകളിലേക്ക് വൈവിധ്യവത്കരിക്കാനും ഇന്ത്യ സമ്മതിച്ചേക്കാം എന്ന അഭിപ്രായവും വ്യവസായ വൃത്തങ്ങളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.
ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾ?
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തെ വിദഗ്ദ്ധർ വ്യാഖ്യാനിക്കുന്നത്. ഓട്ടോമൊബൈൽ (പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾ), വൈനുകൾ, പെട്രോകെമിക്കലുകൾ, കാർഷിക ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ, ആപ്പിൾ, ജനിതകമാറ്റം വരുത്തിയ വിളകൾ എന്നിവയുൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാൻ അമേരിക്ക ശ്രമിക്കുന്നു. ഈ വർഷം ഒക്ടോബർ-നവംബർ മാസത്തോടെ കരാറിന്റെ പ്രാരംഭ ഘട്ടം അന്തിമമാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
റഷ്യൻ യുദ്ധം
ഉക്രെയ്നിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം ചെലുത്താനുള്ള ട്രംപിന്റെ ആഗ്രഹവും ഈ നടപടിയിൽ പ്രതിഫലിക്കുന്നു. റഷ്യയിൽ നിന്ന് ഉയർന്ന അളവിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നതിലൂടെ, റഷ്യയെ അനുസരിപ്പിക്കാമെന്ന് ട്രംപ് വിശ്വസിക്കുന്നു.
ഇന്ത്യ എങ്ങനെ പ്രതികരിച്ചു?
അമേരിക്കയുടെ നീക്കത്തോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ഇത് വളരെ നിർഭാഗ്യകരമാണെന്ന് ഇന്ത്യ പറഞ്ഞു. ഈ കാര്യങ്ങളിൽ മുമ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എണ്ണ സംഭരണ തീരുമാനങ്ങൾ വിപണി സാഹചര്യങ്ങളാൽ നയിക്കപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.
ദേശീയ താൽപ്പര്യം മുൻനിർത്തി സമാനമായ നടപടികൾ സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങളെ ഒഴിവാക്കി, ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചത് ആശങ്കാജനകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. “ഈ നടപടികൾ അന്യായവും, നീതീകരിക്കപ്പെടാത്തതും, യുക്തിരഹിതവുമാണെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും,” പ്രസ്താവനയിൽ പറഞ്ഞു.
ഏതൊരു വ്യാപാര പങ്കാളിക്കും മേലുള്ള ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നാണ് ട്രംപ് ഇന്ത്യക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ട്രംപിൻറെ സമ്മർദ്ദ തന്ത്രത്തെ അതിജീവിച്ച് താരിഫ് വിഷയത്തിൽ യോജിപ്പിലെത്താൻ ഇന്ത്യക്ക് കഴിയുമെന്ന് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്.