4 Feb 2023 7:00 PM IST
Summary
- പാമോയില്‍ വില കുറഞ്ഞില്ല; വെളിച്ചെണ്ണ വില കൂടിയതുമില്ല
സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീട്ടിയിരിക്കുകയാണ്. വെളിച്ചെണ്ണ വില ഇടിയാതിരിക്കുന്നതിനും നാളികേര കര്‍ഷകരെ രക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു വിലക്ക്. എന്നാല്‍ സാമ്പത്തികമായി സംസ്ഥാനത്തിനു വന്‍ നഷ്ടമുണ്ടാവുകയും കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ലഭിക്കാതിരിക്കുകയുമാണ് ഇതുമൂലമുണ്ടായത്.
നിരോധനം പാമോയിലിന്റെ വിലവര്‍ധനവിനിടയാക്കുകയും സംസ്ഥാനത്തെ തുറമുഖങ്ങളുടെ വരുമാനം കുറയ്ക്കുകയുമാണ് ചെയ്തതെന്നു കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറഞ്ഞു. കേരള മാരിടൈംബോര്‍ഡിനു കീഴിലുള്ള കൊല്ലം, ബേപ്പൂര്‍ തുടങ്ങിയ ചെറുകിട തുറമുഖങ്ങളുടെ വളര്‍ച്ചയെയാണ് ഇതു ബാധിക്കുക. മംഗളൂരു, തൂത്തുക്കുടി തുറമുഖങ്ങളില്‍ നിന്നും റോഡ് മാര്‍ഗം പാമോയില്‍ സംസ്ഥാനത്തെത്തിക്കുന്നത് വില വര്‍ധിക്കാനിടവരുത്തുമെന്നും അദ്ദേഹം പറയുന്നു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്‌സ് (ഡിജിഎഫ്ടി)യാണ് സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതിക്കുള്ള നിരോധനം നീട്ടാന്‍ തീരുമാനിച്ചത്. 2007 ല്‍ ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞ ഡിസംബര്‍ 31 ഓടെ അവസാനിക്കേണ്ടതായിരുന്നു. ഇതാണ് നാളികേര വികസന ബോര്‍ഡിന്റെയും കര്‍ഷക സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ച് വീണ്ടും നീട്ടിയിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് പാമോയില്‍ വരുന്നത്.
വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും ചേംബര്‍ ഓഫ് കോമേഴ്‌സുകളും പല തവണ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രത്തോട് സംയുക്തമായി അഭ്യര്‍ഥിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും കൃഷി-വ്യവസായ വകുപ്പിനും നിവേദനം നല്‍കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരോട് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി തുറമുഖം വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനും നിരോധനമുണ്ട്. എന്നാല്‍ നിരോധനം വന്ന് 15 വര്‍ഷമായിട്ടും നാളികേര കര്‍ഷകര്‍ക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം ചെയര്‍മാന്‍ പ്രകാശ് അയ്യര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലേക്ക് റോഡ് മാര്‍ഗം ചരക്ക് എത്തിക്കുന്നതിലെ ചെലവാണ് ഇതിനു കാരണം. ഇത് കൊച്ചി തുറമുഖത്തിന്റെ വരുമാനത്തെയും ബാധിച്ചു. കൊച്ചി തുറമുഖം വഴിയുള്ള പ്രകൃതിദത്ത റബ്ബറിന്റെ ഇറക്കുമതിയും നിരോധിച്ചിരുന്നു. എന്നാല്‍ തൂത്തുക്കുടി, ചെന്നൈ, ന്യൂ മംഗളൂരു തുറമുഖങ്ങള്‍ക്ക് ഇതിന് അനുമതി നല്‍കുകയും ചെയ്തു.
നിരോധനം തുടരാനുള്ള ഡിജിഎഫ്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാമോയില്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതിനു പകരം വെളിച്ചെണ്ണയുടെ ആരോഗ്യപരമായ ഗുണങ്ങളും മറ്റും ഉയര്‍ത്തിക്കാണിച്ച് വെളിച്ചെണ്ണക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത കണ്ടെത്തുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
ഏതാനും വര്‍ഷമായി സംസ്ഥാനത്തെ ആഭ്യന്തര വെളിച്ചെണ്ണ ഉപഭോഗം മൂന്നുലക്ഷം ടണ്ണായിരുന്നു. 2021-22ല്‍ നാളികേര ഉത്പാദനം 5.56 ലക്ഷം ടണ്ണായെങ്കിലും ഉപഭോഗനിരക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.