image

20 May 2023 4:03 PM IST

Business

വരുമാനത്തില്‍ കുതിച്ചുചാട്ടം പക്ഷേ, പാദഫലത്തില്‍ നഷ്ടവുമായി സൊമാറ്റോ

MyFin Desk

വരുമാനത്തില്‍ കുതിച്ചുചാട്ടം പക്ഷേ, പാദഫലത്തില്‍ നഷ്ടവുമായി സൊമാറ്റോ
X

Summary

  • വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 70 ശതമാനം വളര്‍ച്ച
  • സൊമാറ്റോ ഗ്രോസറി ഡെലിവറി വിഭാഗമായ ബ്ലിങ്കിറ്റില്‍ സമീപകാലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്
  • 2022 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 359.7 കോടി രൂപയായിരുന്നു


ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ മൊത്ത വരുമാനത്തില്‍ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും സഞ്ചിതനഷ്ടം മുന്‍വര്‍ഷത്തെ 359.7 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 48 ശതമാനം കുറഞ്ഞ് 188.2 കോടി രൂപയായി.

പ്രവര്‍ത്തന വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 70 ശതമാനം വളര്‍ച്ച നേടി 2,056 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,211.8 കോടി രൂപയായിരുന്നു. വരുമാനത്തിലുണ്ടായ വര്‍ധനയാണ് നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ സൊമാറ്റോയെ സഹായിച്ചത്.

22 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 359.7 കോടി രൂപയായിരുന്നു.

കഴിഞ്ഞ ദിവസം സ്വിഗ്ഗി മാര്‍ച്ച് പാദത്തില്‍ ലാഭം കൈവരിച്ചെന്ന അവകാശവാദവുമായി കമ്പനിയുടെ സിഇഒ രംഗത്തുവന്നിരുന്നു. എന്നാല്‍ ലാഭ കണക്കുകളോ മറ്റ് വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. വിപണിയിലെ സൊമാറ്റോയുടെ പ്രധാന എതിരാളിയാണ് സ്വിഗ്ഗി. ഇരു കമ്പനികളുമാണ് ഇന്ത്യയിലെ ഏകദേശം അഞ്ച് ബില്യന്‍ ഡോളറിന്റെ മൂല്യം വരുന്ന ഫുഡ് ഡെലിവറി വിപണിയുടെ 90 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്.

സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് പോലെ സൊമാറ്റോ ഗ്രോസറി ഡെലിവറി വിഭാഗമായ ബ്ലിങ്കിറ്റില്‍ (Blinkit) സമീപകാലത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെങ്കിലും ഫുഡ് ഡെലിവറി ബിസിനസ്സാണ് കമ്പനിയുടെ പ്രധാന വരുമാനം ഉറപ്പാക്കുന്നത്.

ഫുഡ് ഡെലിവറിയില്‍ കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ സൊമാറ്റോ അതിന്റെ വിപണിയിലെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തിയതിനൊപ്പം കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുകയും ചെയ്‌തെന്ന് കമ്പനിയുടെ സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയുള്ള ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) തങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകുമെന്നു കരുതുന്നില്ലെന്നും ദീപിന്ദര്‍ പറഞ്ഞു.