25 Nov 2022 12:56 PM IST
ashoka hotel share analysis
ഡെല്‍ഹി: നാഷണല്‍ മൊണിറ്റൈസേഷന്‍ പൈപ്പ്ലൈന്റെ ഭാഗമായുള്ള ആസ്തി വില്പനയില്‍ ഡെല്‍ഹിയിലെ പ്രശസ്തമായ ദി അശോക് ഹോട്ടലിന് സര്‍ക്കാര്‍ 7,409 കോടി രൂപ മൂല്യം നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നാഷണല്‍ മണിറ്റൈസേഷന്‍ പൈപ്പ്ലൈന് (എന്‍എംപി) കീഴില്‍ ലിസ്റ്റ് ചെയ്ത് ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ എട്ട് ആസ്തികളില്‍ ഉള്‍പ്പെട്ടതാണ് ദി അശോക ഹോട്ടല്‍, സമീപത്തുള്ള ഹോട്ടല്‍ സാമ്രാട്ട് എന്നിവ.
രാജ്യതലസ്ഥാനത്ത് 25 ഏക്കറിലുള്ള ഹോട്ടല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, വില്‍പ്പനയ്ക്കുള്ള മന്ത്രാലയത്തിന്റെ അനുമതി പരിഗണനയിലാണെന്നും ബിസിനസ് വ്രത്തങ്ങള്‍ വ്യക്തമാക്കുന്നു.
2021 ഓഗസ്റ്റില്‍ കേന്ദ്ര ധനമന്ത്രി നാലു വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം കോടി രൂപയുടെ വിവധ മേഖലകളിലെ അടിസ്ഥാനസൗകര്യ ആസ്തികള്‍ (ഇന്‍ഫ്രസ്ട്രക്ച്ചര്‍ അസറ്റ്) നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈനു (എന്‍എംപി) കീഴില്‍ പണമാക്കി മാറ്റണമെന്നായിരുന്നു പ്രഖ്യാപിച്ചത്. നിതി ആയോഗ് ഈ അടിസ്ഥാന സൗകര്യ ആസ്തികളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് എന്‍എംപിയെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
2023 സാമ്പത്തിക വര്‍ഷത്തില്‍ 1.6 ലക്ഷം കോടി രൂപയുടെ ആസ്തി വിറ്റ് പണമാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏഴ് മാസത്തിനിടെ 33,443 കോടി രൂപ മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു. അതിനാല്‍ സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങളോടും, വകുപ്പുകളോടും പണമാക്കി മാറ്റാന്‍ സാധിക്കുന്ന കൂടുതല്‍ ആസ്തികള്‍ കണ്ടെത്താന്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. കല്‍ക്കരി മന്ത്രാലയമാണ് 17,000 കോടി രൂപയുടെ ആസ്തികള്‍ പണമാക്കി മാറ്റി മുന്നിലുള്ളത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും അവരുടെ എന്‍എംപി ലക്ഷ്യത്തെ മറികടന്നു.