3 Aug 2025 5:47 PM IST
Summary
ദേശീയ സെമിനാര്‍ 5, 6 തീയതികളില്‍ ഗിഫ്റ്റ് ആഡിറ്റോറിയത്തില്‍ നടക്കും
ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ് )ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'കോവിഡിന് ശേഷം കേരളത്തിന്റെ വികസനം നേരിടുന്ന വെല്ലുവിളികളും പ്രതികരണവും- സംസ്ഥാന ബജറ്റുകളുടെ പശ്ചാത്തലത്തില്‍' എന്നതാണ് വിഷയം.
ഓഗസ്റ്റ് 5 , 6 തീയതികളില്‍ ഗിഫ്റ്റ് ആഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന ധനകാര്യമന്ത്രി കെ . എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, സംസ്ഥാന സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സെമിനാറില്‍ ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ക്ക് പുറമെ,വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്‍പതില്‍പരം വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കുമെന്ന് ഗിഫ്റ്റ് ഡയറക്ടര്‍ പ്രഫസര്‍ കെ. ജെ ജോസഫ് പറഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിന്റെ കാര്യത്തില്‍ ജനകീയാസൂത്രണം , അധികാര വികേന്ദ്രീകരണം തുടങ്ങിയ കേരളത്തിന്റെ വിഖ്യാതമായ മാതൃകകള്‍ എത്രമാത്രം ഫലപ്രദമായിട്ടുണ്ട് എന്നതടക്കമുള്ള വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് ജോസഫ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍, കേരളം സമീപവര്‍ഷങ്ങളില്‍ അവതരിപ്പിച്ച ബജറ്റുകള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്ന കാര്യത്തില്‍ എത്രമാത്രം കാര്യക്ഷമമായി പ്രതികരിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച വിശദമായ പരിശോധനയും സെമിനാറില്‍ നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഗിഫ്റ്റിലെ പ്രഫസറുമായ ഡോ. എം. എ ഉമ്മന്‍ അധ്യക്ഷത വഹിക്കും.