image

8 Jun 2025 11:22 AM IST

News

അപൂര്‍വ ധാതുക്കളുടെ കയറ്റുമതി; ചില അപേക്ഷകള്‍ക്ക് ചൈനീസ് അംഗീകാരം

MyFin Desk

അപൂര്‍വ ധാതുക്കളുടെ കയറ്റുമതി; ചില  അപേക്ഷകള്‍ക്ക് ചൈനീസ് അംഗീകാരം
X

Summary

അംഗീകാരം ഇന്ത്യന്‍ ഓര്‍ഡറുകള്‍ക്ക് ബാധകമാണോ എന്നറിയില്ല


അപൂര്‍വ ധാതുക്കളുമായി ( earth-related metals)ബന്ധപ്പെട്ട ചില കയറ്റുമതി അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കിയതായി ചൈനീസ് വാണിജ്യ മന്ത്രാലയം. ഓട്ടോമൊബൈലുകള്‍, സെമികണ്ടക്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ്യവസായങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തവയാണ് ഈ അപൂര്‍വ ധാതുക്കള്‍.

ഇന്ത്യയില്‍ ഇവി വ്യവസായം അപൂര്‍വ ധാതുക്കളുടെ ലഭ്യത ഇല്ലാത്തതിനാല്‍ വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ പുതിയ തീരുമാനം. എന്നാല്‍ ഈ അംഗീകാരങ്ങള്‍ ഇന്ത്യയ്ക്കും ബാധകമാണോ എന്ന് വ്യക്തമല്ല.

ഈ ധാതുക്കള്‍ക്ക് സൈനിക, സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ഇരട്ട ഉപയോഗ ഗുണങ്ങളുണ്ട്. അത്തരം ഇനങ്ങളില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര രീതിക്ക് അനുസൃതമാണെന്ന് ബെയ്ജിംഗ് പറയുന്നു.

അപേക്ഷകളുടെ അവലോകനം ചൈന ശക്തിപ്പെടുത്തുന്നത് തുടരും. വ്യാപാരം സുഗമമാക്കുന്നതിന് പ്രസക്തമായ രാജ്യങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താന്‍ തയ്യാറാണെന്നും വക്താവ് പറഞ്ഞു.

ഈ നിര്‍ണായക ലോഹങ്ങളുടെ ക്ഷാമം നേരിടുന്ന വ്യവസായങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍, നിയന്ത്രണങ്ങള്‍ നീക്കാന്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവ ചൈനയോട് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തിന് പ്രാധാന്യമേറെയാണ്.

ടോക്കിയോയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്ഷാമം വളരെ രൂക്ഷമായതിനാല്‍ ജപ്പാനിലെ സുസുക്കി അവരുടെ സ്വിഫ്റ്റ് മോഡലിന്റെ ഉത്പാദനം നിര്‍ത്തിവച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങളിലൊന്നാണ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന കാര്യം.

ഇലക്ട്രിക് വാഹനങ്ങളിലും (ഇവി) പരമ്പരാഗത വാഹനങ്ങളുടെ ചില ഭാഗങ്ങളിലും നിര്‍ണായക ഘടകങ്ങളായ അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകളുടെ ദൗര്‍ലഭ്യം സംബന്ധിച്ച് വാഹന നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണം നീക്കുന്നതിനായി ഇന്ത്യ ശ്രമിച്ചുവരികയാണ്.

കൂടാതെ, അര്‍ദ്ധചാലകങ്ങള്‍, ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍, സോളാര്‍ പാനലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന നിര്‍ണായക ധാതുവായ ജെര്‍മേനിയം നിക്ഷേപങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ബന്ധപ്പെട്ട വ്യവസായങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

17 മൂലകങ്ങള്‍ അടങ്ങിയ ലോഹങ്ങളുടെ ഒരു കൂട്ടമാണ് ഈ അപൂര്‍വ ധാതുക്കള്‍. പല രാജ്യങ്ങളിലും ഇവ ലഭ്യമാണെങ്കിലും, ഇവ വേര്‍തിരിച്ചെടുക്കുന്നത് ചെലവേറിയതും നിപവധി പ്രതിസന്ധികളുള്ളതുമാണ്. ഇത് വന്‍തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നു.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ കണക്കനുസരിച്ച്, നിലവില്‍ ആഗോളതലത്തില്‍ ഖനനം ചെയ്യുന്ന അപൂര്‍വ ധാതുക്കളുടെ 61 ശതമാനവും ചൈനയിലാണ്. എന്നാല്‍ ആഗോള ഉല്‍പാദനത്തിന്റെ 92 ശതമാനവും നിയന്ത്രിക്കുന്നത് ബെയ്ജിംഗാണ്.