image

23 April 2025 3:50 PM IST

News

ചൈനീസ് ഫണ്ടുകള്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളില്‍നിന്ന് പുറത്തേക്ക്

MyFin Desk

ചൈനീസ് ഫണ്ടുകള്‍ യുഎസ് സ്വകാര്യ   ഇക്വിറ്റി സ്ഥാപനങ്ങളില്‍നിന്ന് പുറത്തേക്ക്
X

Summary

  • യുഎസിന്റെ താരിഫ് യുദ്ധത്തിനു ചൈനയുടെ ബദല്‍ നീക്കം
  • നടപടി അമേരിക്കന്‍ സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകും


ചൈനീസ് പിന്തുണയുള്ള ഫണ്ടുകള്‍ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം നിര്‍ത്തിവെയ്ക്കുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ താരിഫ് യുദ്ധത്തിനു ബദലായി ബെയ്ജിംഗിന്റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ വിദഗ്ധര്‍ കാണുന്നത്.

ചില ചൈനീസ് ഫണ്ടുകള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പിന്‍വാങ്ങല്‍. ഈ നടപടി അമേരിക്കന്‍ സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ചൈന ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഫോറിന്‍ എക്സ്ചേഞ്ച് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ യുഎസ് സ്വകാര്യ ഇക്വിറ്റിയിലെ പ്രധാന നിക്ഷേപകരാണ്. ബ്ലാക്ക്സ്റ്റോണ്‍, കാര്‍ലൈല്‍ ഗ്രൂപ്പ്, ടിപിജി, വിസ്റ്റ ഇക്വിറ്റി പാര്‍ട്ണേഴ്സ്, തോമ ബ്രാവോ തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ അവര്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്വകാര്യ ഇക്വിറ്റിയെ 4.7 ട്രില്യണ്‍ ഡോളറിന്റെ ആഗോള വ്യവസായത്തിലേക്ക് നയിക്കുന്നതില്‍ ഈ നിക്ഷേപങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. ചൈനയിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ സിഐസി, സമീപ വര്‍ഷങ്ങളില്‍ യുഎസ് സ്വകാര്യ ഇക്വിറ്റിയിലെ നിക്ഷേപങ്ങള്‍ മന്ദഗതിയിലാക്കി. മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് അതിന്റെ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കാന്‍ ചൈന ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.

ചൈനീസ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിക്ഷേപങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന വിമര്‍ശനത്തിന് വിധേയമാകും. അതിനാല്‍ സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ വഴിയുള്ള പരോക്ഷ നിക്ഷേപങ്ങള്‍ ബെയ്ജിംഗ് ഒരു മാര്‍ഗമാക്കുകയായിരുന്നു.