image

13 Sept 2025 9:20 AM IST

News

താരിഫ് സമ്മര്‍ദ്ദം; യുഎസ് നീക്കത്തിനെതിരെ ചൈന

MyFin Desk

താരിഫ് സമ്മര്‍ദ്ദം; യുഎസ്   നീക്കത്തിനെതിരെ ചൈന
X

Summary

ഇന്ത്യക്കും ചൈനക്കും ഉയര്‍ന്ന താരിഫ് ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് ട്രംപ്


ഇന്ത്യക്കും ചൈനക്കും ജി7 രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ ചുമത്തണമെന്ന യുഎസ് സമ്മര്‍ദ്ദത്തിനെതിരെ ചൈന. ഈ നടപടി ആഗോള വ്യാപാര അസ്ഥിരത വര്‍ദ്ധിപ്പിക്കുകയും അന്താരാഷ്ട്ര സഖ്യങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.

ജി 7 രാജ്യങ്ങള്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും 100% വരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെടുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ബെയ്ജിംഗിന്റെ പ്രതികരണം. വെള്ളിയാഴ്ച നടന്ന ജി 7 ധനമന്ത്രിമാരുടെ വീഡിയോ കോളില്‍ ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്നുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ചകള്‍ക്ക് മോസ്‌കോയെ നിര്‍ബന്ധിതരാക്കുന്നതിനാണ് തീരുവ ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെടുന്നത്.

അതേസമയം ചൈന പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നും, ബെയ്ജിംഗ് അതില്‍ ഒരു കക്ഷിയല്ലെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലിന്‍ ജിയാന്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

താരിഫുകളെ വാഷിംഗ്ടണ്‍ ആധിപത്യത്തിനുള്ള ഉപകരണമായി ഉപയോഗിക്കുകയാണെന്ന് ചൈനീസ് അക്കാദമിക് ബാവോ ജിയാന്‍യുന്‍ പറയുന്നു. ജി 7 രാജ്യങ്ങള്‍ ഇത് പാലിച്ചാല്‍, അത് ആഗോള വ്യാപാര ബന്ധങ്ങളെ തകര്‍ക്കും. യുഎസ് നയിക്കുന്ന സഖ്യ സംവിധാനത്തെ നടപടി ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഎസിന് സ്വയം പ്രകോപിതമായ താരിഫ് യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയില്ല, അതിനാല്‍ അവര്‍ സഖ്യകക്ഷികളെ അതിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്,' ബാവോ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന സമ്പദ് വ്യവസ്ഥകളുമായുള്ള ബന്ധം വിച്ഛേദിച്ചാല്‍ യൂറോപ്പ് വലിയ നഷ്ടം നേരിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി ഊര്‍ജ്ജ കാര്യത്തില്‍ ബെയ്ജിംഗ് സ്വന്തം തീരുമാനങ്ങള്‍ എടുക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.