21 April 2023 12:03 PM IST
Summary
- ആദ്യഘട്ടത്തിൽ 1000 കോടി രൂപ സമാഹരിക്കും
- ഇഷ്യൂ തിയതി ഏപ്രിൽ 25 ന്
മുരുഗപ്പ ഗ്രൂപ്പിന്റെ ധനകാര്യ അനുബന്ധ സ്ഥാപനമായ ചോളമണ്ഡലം ഫിനാൻസ് 5000 കോടി രൂപ സമാഹരിക്കുന്നു. വിവിധ ഘട്ടങ്ങളിലൂടെ സമാഹരിക്കുന്ന തുകയിൽ 1000 കോടി രൂപ പ്രാരംഭ ഘട്ടത്തിൽ സ്വരൂപിക്കും. നോൺ കൺവെർട്ടിബിൾ ഡിബെഞ്ചർ ഇഷ്യൂ ചെയ്തു കൊണ്ടാണ് തുക സമാഹരിക്കുക.
നിലവിലുള്ള ഫണ്ടിംഗ് സ്രോതസ്സ് വൈവിധ്യവത്കരിക്കാനാണ് ഈ നീക്കമെന്ന് ചോളമണ്ഡലം ഫിനാൻസ് പറഞ്ഞു. ഇതിലൂടെ ധന സമാഹാരണത്തിനായ് ബാങ്കുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാരംഭ ഘട്ടത്തിൽ 1000 കോടി രൂപ സമാഹരിക്കുന്നതിനുള്ള ആദ്യ ഗഡു ഏപ്രിൽ 25 ന് ആരംഭിക്കും. ഇഷ്യൂ തിയതി മെയ് 9 ന് അവസാനിക്കും. ബോണ്ടിന്റെ കൂപ്പൺ നിരക്ക് 60 മാസത്തേക്ക് 8.40 ശതമാനവും, 22 മാസത്തേക്ക് 8.25 ശതമാനവുമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ കൈകാര്യ ആസ്തിയിൽ പ്രധാനമായും ഓട്ടോ മൊബൈൽ വായ്പകളാണ് പിന്തുണച്ചത്. വാഹന വായ്പയിൽ കഴിഞ്ഞ വർഷം 20 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.
കമ്പനിക്ക് ഇന്ത്യയിലുടനീളം 1,160 ശാഖകളാണ് ഉള്ളത്. ഇതിൽ 80 ശതമാനവും ചെറു നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 2022 ഡിസംബറിൽ കമ്പനിയുടെ കൈകാര്യ ആസ്തി 95,467 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നു പാദങ്ങളിലായി കമ്പനിയുടെ അറ്റാദായം 2400 കോടി രൂപയായിരുന്നു.
നിലവിൽ കമ്പനി 57 ശതമാനവും ധന സമാഹരണത്തിനായി 57 ശതമാനവും ബാങ്കുകളുടെ വായ്പയെയാണ് ആശ്രയിക്കുന്നത്. 16 ശതമാനം നോൺ കൺവെർട്ടിബിൾ ഡിബെഞ്ചറിലൂടെയും, 4 ശതമാനം വാണിജ്യ വായ്പകളിളുടെയുമാണ് സ്വരൂപിക്കുന്നത്. വായ്പകൾ തിരിച്ചടക്കുന്നതിനും, വായ്പകൾ നൽകുന്നതിനും, മറ്റു കോർപറേറ്റ് ആവശ്യങ്ങൾക്കുമായി സമാഹരിക്കുന്ന തുക വിനിയോഗിക്കും. അടുത്ത 3 -4 വർഷത്തിനുള്ളിൽ, ഡെബ്റ്റ് വഴിയുള്ള ധന സമാഹരണം 10 ശതമാനമാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.