30 Nov 2023 5:54 PM IST
Summary
- നിര്‍മ്മാണത്തിന് എട്ടുമുതല്‍ 10വര്‍ഷംവരെ
- നാവികസേന നിര്‍ദ്ദേശം സമര്‍പ്പിച്ചത് സെപ്റ്റംബറില്‍
കൊച്ചി: രാജ്യത്തിന്റെ രണ്ടാമത്തെ വിമാനവാഹിക്കപ്പലും കൊച്ചിന്‍ ഷിപ്പ്‌യാഡ് തന്നെ നിർമ്മിക്കും. ഇതിനുള്ള അംഗീകാരം പ്രതിരോധമന്ത്രി രാജ്‌നാഥ സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിഷന്‍സ് കൗണ്‍സില്‍ (ഡി എ എസി) ഇന്ന് നല്‍കി. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിമാന വാഹിനിക്കപ്പല്‍ (ഐഎസി-2) നിര്‍മ്മാണത്തിന് എട്ടുമുതല്‍ 10വരെ വര്‍ഷം എടുത്തേക്കും. രാജ്യത്തിന്റെ കടല്‍ക്കരുത്തില്‍ നിര്‍ണായക പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സെപ്റ്റംബറില്‍ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മ്മാണത്തിനു അനുമതി തേടി നാവികസേന പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. പ്രതിരോധ മേഖലയില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിപ്രകാരം നിര്‍മ്മാണം എന്നുള്ള കാഴ്ചപ്പാടിലാണ് നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടത്.
നാവികസേന കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് പദ്ധതി ശുപാര്‍ശ ചെയ്യുമെന്ന് ഉദദ്യോഗസ്ഥര്‍ മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു.നാവികസേന മുന്നോട്ടുവച്ച നിര്‍ദേശം വിലയിരുത്തിയാണ് തീരുമാനം.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മിച്ച ആദ്യവിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത്, 2022 സെപറ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തത്. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ തദ്ദേശീയമായ കഴിവുകള്‍, വിഭവങ്ങള്‍, കഴിവുകള്‍ എന്നിവയുടെ തെളിവായിരുന്നു.അതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉരുക്കുപോലും തദ്ദേശീയമായിരുന്നു.
കപ്പല്‍ശാല സ്ഥിതി ചെയ്യുന്ന കൊച്ചിയിലും പരിസരത്തും കാര്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാകും ഐഎസി-2 ന്റെ നിര്‍മ്മാണം.