image

13 Jan 2024 6:20 PM IST

Company Results

അവന്യൂ സൂപ്പർമാർട്ട്‌സ് അറ്റാദായം 17% ഉയർന്ന് 690.61 കോടി രൂപയായി

MyFin Desk

അവന്യൂ സൂപ്പർമാർട്ട്‌സ് അറ്റാദായം 17% ഉയർന്ന് 690.61 കോടി രൂപയായി
X

Summary

  • വരുമാനം 17.31 ശതമാനം ഉയർന്ന് 13,572.47 കോടി രൂപയിലെത്തി
  • പ്രവർത്തന മാർജിൻ 8.25 ശതമാനമായി കുറഞ്ഞു
  • മൂന്നാം പാദത്തിൽ കമ്പനി 5 പുതിയ സ്റ്റോറുകൾ തുറന്നു


രാധാകിഷൻ ദമാനിയുടെ പിന്തുണയുള്ള അവന്യൂ സൂപ്പർമാർട്ട്‌സ് 2023-24 സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. റീട്ടെയിൽ ശൃംഖലയായ ഡിമാർട്ട് മാതൃ കമ്പനിയാണ് അവന്യൂ സൂപ്പർമാർട്ട്‌സ്. കമ്പനിയുടെ സംയോജിത അറ്റാദായം 17 ശതമാനം ഉയർന്ന് 690.61 കോടി രൂപയായി രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 589.68 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ സംയോജിത വരുമാനം 17.31 ശതമാനം ഉയർന്ന് 13,572.47 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11,569.05 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ ഓഹരിയൊന്നിന് (ഇപിഎസ്) 10.62 രൂപയുടെ ലാഭം കമ്പനി റിപ്പോർട്ട് ചെയ്തു. മുൻവർഷമിത് 9.10 രൂപയായിരുന്നു.

കമ്പനിയുടെ പ്രവർത്തന മാർജിൻ ഒരു വർഷം മുൻപത്തെ 8.34 ശതമാനത്തിൽ നിന്നും 8.25 ശതമാനമായി കുറഞ്ഞു. സാമ്പത്തിക ചെലവ് ഉൾപ്പെടെ ഈ പാദത്തിലെ കമ്പനിയുടെ മൊത്തം ചെലവ് 12,656.46 കോടി രൂപയിലെത്തി.൦ ഇത് മുൻ വർഷം ഇതേ കാലയളവിൽ 10,789 കോടി രൂപയായിരുന്നു. ജീവനക്കാരുടെ ചെലവ് മുൻ വർഷത്തെ 192.31 കോടിയിൽ നിന്ന് 234.31 കോടിയായി ഉയർന്നു.

കമ്പനിയുടെ സ്റ്റാൻഡ്‌ലോൺ അറ്റാദായം 15 ശതമാനം ഉയർന്ന് 737 കോടി രൂപയായി, വരുമാനം 17% വർധിച്ച് 13,247 കോടി രൂപയിലെത്തി.

“കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 17.2 ശതമാനം വരുമാന വളർച്ചയോടെയാണ് ഞങ്ങൾ 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം അവസാനിപ്പിച്ചത്. പൊതു ചരക്കുകളിൽ നിന്നും വസ്ത്രങ്ങളിൽ നിന്നുമുള്ള വില്പന സ്ഥിരത കൈവരിക്കുകയും ദീപാവലിക്ക് ശേഷമുള്ള വില്പനയും അതുപോലെ തുടരുന്നു. ഇത്തവണ ഉത്സവ സീസണിലെ എഫ്എംസിജി ഇതര മേഖലകളിലെ വില്പന പ്രതീക്ഷിച്ചതിലും കുറവായിരുന്നു. എഫ്എംസിജിയിൽ, അഗ്രി-സ്റ്റേപ്പിൾസ് (എക്സ്-എഡിബിൾ ഓയിൽ) ഗണ്യമായി ഉയർന്ന പണപ്പെരുപ്പത്തിലൂടെ കടന്നുപോവുകയാണ്,'' അവന്യൂ സൂപ്പർമാർട്ട്സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നെവിൽ നൊറോണ പറഞ്ഞു.

മൂന്നാം പാദത്തിൽ അവന്യൂ സൂപ്പർമാർട്ട്സ് അഞ്ച് പുതിയ സ്റ്റോറുകൾ തുറന്നു. കമ്പനിയുടെ മൊത്തം സ്റ്റോറുകൾ എണ്ണം 341 ആയി. ഡിസംബർ പാദത്തിലെ പുതിയ സ്റ്റോറുകളുടെ കൂട്ടിച്ചേർക്കൽ സെപ്റ്റംബർ പാദത്തേക്കാൾ കുറവാണ്. കമ്പനി ഒമ്പത് സ്റ്റോറുകളാണ് രണ്ടാം പാദത്തിൽ തുറന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ഒമ്പത് മാസങ്ങളിൽ കമ്പനി 17 സ്റ്റോറുകളാണ് കൂട്ടിച്ചേർത്തത്.

അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരികൾ വെള്ളിയാഴ്ച, എൻഎസ്ഇ യിൽ 0.5 ശതമാനം ഉയർന്ന് 3,841 രൂപയിൽ ക്ലോസ് ചെയ്തു.