14 May 2025 12:11 PM IST
2025 മാർച്ചിൽ അവസാനിച്ച പാദത്തിൽ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെല്ലിന്റെ ലാഭം അഞ്ച് മടങ്ങ് വർധിച്ച് 11,022 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 2,071.6 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
കമ്പനിയുടെ പ്രവർത്തന വരുമാനം അവലോകന പാദത്തിൽ 27 ശതമാനം വർധിച്ച് 47,876.2 കോടി രൂപയായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. മാർച്ച് പാദത്തിൽ ഭാരതി എയർടെൽ ഇന്ത്യയുടെ സ്റ്റാൻഡലോൺ വരുമാനം 31,851.5 കോടി രൂപയിൽ നിന്ന് 15 ശതമാനം വർധിച്ച് 36,735 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രഖ്യാപിച്ച താരിഫ് വർദ്ധനവിന്റെ നേട്ടമാണ് കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായത്.
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ, എയർടെൽ സംയോജിത അറ്റാദായത്തിൽ ഏകദേശം നാലിരട്ടി വർധിച്ച് 33,556 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 7,467 കോടി രൂപയായിരുന്നു.
ഭാരതി എയർടെല്ലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വാർഷിക വരുമാനം 2025 സാമ്പത്തിക വർഷത്തിൽ 15.33 ശതമാനം വർധിച്ച് 1,72,985.2 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 1,49,982.4 കോടി രൂപയായിരുന്നു.