20 July 2023 4:46 PM IST
Summary
- മുന്‍ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ ഇടിവ്
- വിൽപ്പന വരുമാനത്തില്‍ 7 ശതമാനം വാര്‍ഷിക വര്‍ധന
പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം ജൂൺ പാദത്തിൽ 8 ശതമാനം ഉയർന്ന് 2,472 കോടി രൂപയിലെത്തി. ഒരു വർഷം മുമ്പ് സമാനകാലയളവില്‍ ഇത് 2,289 കോടി രൂപയായിരുന്നു. കമ്പനിയുടെ വിൽപ്പന വരുമാനം 7 ശതമാനം വാര്‍ഷിക വര്‍ധനയോടെ 14,931 കോടി രൂപയായി.മുൻ പാദത്തിലെ 2,552 കോടി രൂപയിൽ നിന്ന് കമ്പനിയുടെ അറ്റാദായത്തില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ മൊത്ത വരുമാനം 15,333 കോടി രൂപയാണ്, മുൻ വർഷം ഇതേ പാദത്തിലെ 14,016 കോടി രൂപയിൽ നിന്ന് 6.4 ശതമാനം വർധനയാണിത്.
എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) ജൂൺ പാദത്തിൽ 8.6 ശതമാനം വാര്‍ഷിക വര്‍ധനയോടെ 3,521 കോടി രൂപയായി. അതേസമയം, റിപ്പോർട്ടിംഗ് കാലയളവിൽ എബിറ്റ്ഡ മാര്‍ജിന്‍ 40 ബേസിസ് പോയിൻറ് മെച്ചപ്പെട്ട് 23.6 ശതമാനത്തില്‍ എത്തി. ആദ്യ പാദത്തിൽ വില്‍പ്പന അളവില്‍ 3 ശതമാനം വളര്‍ച്ചയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹോം കെയര്‍ വിഭാഗത്തിലെ വില്‍പ്പന വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ച നേടി.