image

22 July 2023 4:09 PM IST

Company Results

ആര്‍ബിഎല്‍, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ഒന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു

MyFin Desk

ആര്‍ബിഎല്‍, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ഒന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു
X

Summary

  • കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 2023 ജൂലൈ 21 ന് 1967.40 രൂപയിലാണു ക്ലോസ് ചെയ്തത്
  • ഐസിഐസിഐ ബാങ്കിന്റെ ജൂണ്‍ പാദത്തിലെ ലാഭം 39.7 ശതമാനം
  • ആര്‍ബിഎല്‍ ബാങ്കിന്റെ അറ്റാദായം 43 ശതമാനം ഉയര്‍ന്ന് 288 കോടി രൂപയായി


ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് ഒന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു.

ആര്‍ബിഎല്‍ ബാങ്കിന്റെ ഒന്നാം പാദത്തില്‍ അറ്റാദായം 43 ശതമാനം ഉയര്‍ന്ന് 288 കോടി രൂപയായി. നെറ്റ് ഇന്ററസ്റ്റ് ഇന്‍കമിലുണ്ടായ (NII) വളര്‍ച്ചയാണ് ഒന്നാം പാദ ഫലത്തില്‍ ആദായം കൈവരിക്കാന്‍ ബാങ്കിനെ സഹായിച്ചത്. നേടിയ പലിശയും (interest earned) അടച്ച പലിശയും (interest paid) തമ്മിലുള്ള വ്യത്യാസമാണ് NII. ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ NII യില്‍ ബാങ്ക് 21 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ച് 1246 കോടി രൂപയിലെത്തി.

മുംബൈ ആസ്ഥാനമായ ബാങ്കിന്റെ മൊത്ത വരുമാനം 18 ശതമാനം ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ വര്‍ധിച്ച് 1,932 കോടി രൂപയിലെത്തി.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 2023-24 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ ലാഭം 67 ശതമാനം വര്‍ധനയോടെ 3,452 കോടി രൂപയിലെത്തി.

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 2,071.15 കോടി രൂപയായിരുന്നു.

ബാങ്കിന്റെ NII ഇക്കാലയളവില്‍ 6,234 കോടി രൂപയിലെത്തി. ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 33 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 2023 ജൂലൈ 21 ന് 1967.40 രൂപയിലാണു ക്ലോസ് ചെയ്തത്. മുന്‍ ദിവസത്തെ ക്ലോസിംഗ് 1957 രൂപയിലായിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തനലാഭം ജൂണ്‍ പാദത്തില്‍ 4,950 രൂപയിലെത്തി. ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 78 ശതമാനത്തിന്റെ വളര്‍ച്ച നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,783 കോടി രൂപയായിരുന്നു.

2023 ജൂണ്‍ 30 വരെ ബാങ്കിന് 43.5 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഒരു വര്‍ഷം മുമ്പ് ഇത് 34.5 ദശലക്ഷമായിരുന്നു.

സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ ജൂണ്‍ പാദത്തിലെ ലാഭം 10.26 ശതമാനം വര്‍ധനയോടെ 342.52 കോടി രൂപയിലെത്തി.

ബാങ്കിന്റെ NII മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനം വര്‍ധിച്ച് 1,999.6 കോടി രൂപയിലെത്തി.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ജൂണ്‍ പാദത്തിലെ ലാഭം 39.7 ശതമാനം വര്‍ധനയോടെ 9,648 കോടി രൂപ രേഖപ്പെടുത്തി.

NII ഇയര്‍-ഓണ്‍-ഇയര്‍ അടിസ്ഥാനത്തില്‍ 38% വര്‍ധിച്ച് 18,227 കോടി രൂപയായി. ബാങ്കിന്റെ നിക്ഷേപങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍ 17.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 12,38,737 കോടി രൂപയുടെ നിക്ഷേപം റിപ്പോര്‍ട്ട് ചെയ്തു.