15 Jun 2023 3:52 PM IST
Summary
- 2021 നവംബറിലാണ് പേടിഎം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്
- ഐപിഒക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം വലിയ ഇടിവ് നേരിട്ടു
- വരുന്ന പാദങ്ങളില്‍ പേടിഎം സ്റ്റോക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്
വ്യാഴാഴ്ച (ജൂണ്‍ 15) രാവിലെ വ്യാപാരത്തില്‍ പേടിഎം ഓഹരികള്‍ ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്നപ്പോള്‍ ഒരു പുതിയ റെക്കോഡ് രൂപമെടുത്തു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 879.95 രൂപയിലേക്ക് പേടിഎമ്മിന്റെ ഓഹരി എത്തി. അതു മാത്രമല്ല, ' മള്‍ട്ടിബാഗര്‍ ' (multibagger ) എന്ന വിശേഷത്തിനും പേടിഎം ഓഹരി ഉടന്‍ അര്‍ഹമാവുകയാണ്. 100 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നല്‍കുന്ന ഒരു ഇക്വിറ്റി സ്‌റ്റോക്കിനെയാണല്ലോ മള്‍ട്ടിബാഗറെന്നു വിളിക്കുന്നത്.
2021 നവംബറിലാണ് പേടിഎം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഐപിഒയിലെ ആദ്യ ദിവസം തന്നെ ഓഹരി മൂല്യം 27.2 ശതമാനം ഇടിഞ്ഞപ്പോള്‍ ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മോശം ഓഹരിയെന്ന ദുഷ്‌പേര് കേള്‍പ്പിച്ചിരുന്നു പേടിഎം.
ഐപിഒക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം വലിയ ഇടിവ് നേരിട്ടു. 2022 നവംബറില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 439.60-ലും എത്തി. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ പേടിഎം ഓഹരികള്‍ കയറിവരുന്ന കാഴ്ചയാണ് കണ്ടത്. ഏഴ് മാസം കൊണ്ട് പേടിഎം ഓഹരിമൂല്യം 100 ശതമാനം ഉയര്‍ന്നു. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. അനലിസ്റ്റുകള്‍ പറയുന്നത് പേടിഎം ഓഹരിമൂല്യം ഇനിയും ഉയരുമെന്നാണ്.
2022-23 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ പേടിഎമ്മിന്റെ നഷ്ടം (consolidated net loss) മുന്‍വര്‍ഷത്തെ 761.4 കോടി രൂപയില്‍ നിന്നും 168.4 കോടി രൂപയായി കുറഞ്ഞിരുന്നു. 2022-23 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 51.5 ശതമാനം വര്‍ധിച്ച് 2,334.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,540.9 കോടി രൂപയായിരുന്നു.
പേടിഎമ്മിന്റെ പ്രതിമാസ പ്രകടനം ശക്തമാണെന്നു കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തിയെങ്കിലും പേടിഎമ്മിന്റെ ഓഹരിവില ഇപ്പോഴും ലിസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായിരുന്ന വിലയില്‍നിന്ന് വളരെ അകലെയാണ്. ലിസ്റ്റിംഗ് വിലയില്‍നിന്ന് ഏകദേശം 56 ശതമാനവും ഇഷ്യു വിലയില്‍നിന്ന് ഏകദേശം 61 ശതമാനവും വരും. ഇഷ്യു വില 2150 രൂപയായിരുന്നു.
പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ കാര്യമെടുത്താല്‍ പേടിഎമ്മില്‍ കണ്‍സ്യൂമര്‍ കൂടുതലായി എന്‍ഗേജ് ചെയ്യുന്ന കാഴ്ചയാണ് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ കാണുവാന്‍ സാധിച്ചത്. ഈ കാലയളവില്‍ 92 ദശലക്ഷം പേരാണ് പേടിഎം സേവനം ഉപയോഗിച്ചത്. മുന്‍വര്‍ഷം ഇത് 74 ദശലക്ഷമായിരുന്നു.
പേടിഎമ്മിന്റെ മറ്റൊരു വരുമാനമാണ് സൗണ്ട് ബോക്‌സ്. നമ്മള്‍ ഒരു കടയില്‍ നിന്ന് സാധനം വാങ്ങുന്ന നേരത്ത് ക്യുആര്‍ കോഡില്‍ സ്‌കാന്‍ ചെയ്ത് പണം അടയ്ക്കാറുണ്ട്. ആ സമയത്ത് വ്യാപാരിയുടെ സമീപമുള്ള ഒരു ചെറിയ ബോക്‌സില്‍നിന്ന് അടച്ച തുക ഉച്ചത്തില്‍ പറയുന്നതും കേള്‍ക്കാറുണ്ട്. ഇത് പേടിഎമ്മിന്റെ സൗണ്ട് ബോക്‌സാണ്. ഈ ബോക്‌സിന്റെ സേവനത്തിന് വ്യാപാരികള്‍ വരിസംഖ്യ നല്‍കുന്നത് പേടിഎമ്മിനാണ്.
2023 മെയ് മാസം 75 ലക്ഷം വ്യാപാരികളില്‍ നിന്നാണ് ഇത്തരത്തില്‍ പേടിഎമ്മിന് വരുമാനം ലഭിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 34 ലക്ഷമായിരുന്നു.
ഇതിനുപുറമെ വായ്പാ വിതരണത്തിലും പേടിഎം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ 9,618 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. മുന്‍വര്‍ഷം ഇത് 3,576 കോടി രൂപയായിരുന്നു.ഇത്തരത്തില്‍ മികവുറ്റ രീതിയില്‍ ബിസിനസ്സ് വളര്‍ച്ച കൈവരിക്കുന്നതിനാലും നഷ്ടം കുറയ്ക്കുന്നതിനാലും വരുന്ന പാദങ്ങളില്‍ പേടിഎം സ്റ്റോക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.