20 July 2023 8:53 PM IST
Summary
- രണ്ട് ബാങ്കുകളുടെയും വിപണി മൂല്യത്തിൽ തളര്‍ച്ച
- വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റാദായത്തില്‍ വളര്‍ച്ച
- കിട്ടാക്കടത്തെ നേരിടാന്‍ എസ്ഐബി ഇപ്പോഴും പാടുപെടുന്നു
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഇന്ന് പുറത്തുവിട്ടത് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത റിസള്‍ട്ടുകള്‍. ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിലെ (Q1-FY24) അറ്റാദായത്തിൽ മുന്‍പാദത്തെ അപേക്ഷിച്ച് ഇടിവാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ രണ്ട് ബാങ്കുകളും രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തില്‍ (Q4-FY23) രേഖപ്പെടുത്തിയ 333.89 കോടി രൂപയിൽ നിന്ന് 40 ശതമാനം ഇടിഞ്ഞ് എസ്ഐബിയുടെ അറ്റാദായം 202.35 കോടി രൂപയായി, സിഎസ്ബി ബാങ്കിന്‍റെ അറ്റാദായം 156.34 കോടി രൂപയിൽ നിന്ന് 15 ശതമാനം ഇടിഞ്ഞ് 132 കോടി രൂപയായി.
എന്നിരുന്നാലും, ഈ രണ്ട് ബാങ്കുകൾക്കും വാർഷികാടിസ്ഥാനത്തിൽ അറ്റാദായ വളർച്ച ഉണ്ടായിട്ടുണ്ട്. മുന്‍ വർഷം സമാന കാലയളവിൽ റിപ്പോർട്ട് ചെയ്ത 115.35 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ എസ്ഐബിയുടെ ആദ്യപാദ ലാഭം 75.42 ശതമാനം ഉയർന്നു. സിഎസ്ബി ബാങ്കിന്റെ കാര്യത്തിൽ, മുന്‍ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 114.52 കോടി രൂപയിൽ നിന്ന് 16 ശതമാനം ഉയർച്ചയാണ് ഉണ്ടായത്.
വിപണി മൂല്യത്തില്‍ ഇടിവ്
വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഇരു ബാങ്കുകളുടെയും റിസള്‍ട്ടുകള്‍ പരാജയപ്പെട്ടതിനാൽ അവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. ഇന്‍ട്രാ ഡേയില്‍ രേഖപ്പെടുത്തിയ ഉയർന്ന നിരക്കായ 23.60 രൂപയിൽ നിന്ന് എസ്ഐബി ഓഹരികളുടെ വില വ്യാപാരം അവസാനിക്കുമ്പോഴേക്കും 21.10 രൂപയിലേക്ക് താഴ്ന്നു. 4,938.77 കോടി രൂപയിൽ നിന്ന് 4,415.6 കോടി രൂപയായി വിപണി മൂല്യം ഇടിഞ്ഞു. അതായത് എം ക്യാപില്‍ 523.17 കോടി രൂപയുടെ ഇടിവ്.
സിഎസ്ബി ബാങ്ക് ഓഹരി മൂല്യം ഇന്‍ട്രാ ഡേയിലെ ഉയർന്ന നിരക്കായ 296.05 രൂപയിൽ നിന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 283.75 രൂപയായി കുറഞ്ഞു. വിപണി മൂല്യം 5,136.47 കോടി രൂപയിൽ നിന്ന് 4,923.06 കോടി രൂപയായി കുറഞ്ഞു.
എല്ലാ കണ്ണുകളും എൻപിഎയിലേക്ക്
ആദ്യപാദത്തില്‍ മികച്ച പ്രദർശനം നടത്തുന്നതിൽ നിന്ന് എസ്‌ഐബിയെ തടഞ്ഞ പ്രധാന ഘടകം വലിയ അളവിലുള്ള വകയിരുത്തലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്കിനെ അലട്ടുന്ന കിട്ടാക്കടം എന്ന പ്രശ്നത്തെ നേരിടാന്‍ 198.50 കോടി രൂപ അവലോകന പാദത്തില്‍ നീക്കിവെക്കേണ്ടി വന്നു. 2022 ജൂണ്‍ അവസാനത്തിലെ 3,798.64 കോടിയിൽ നിന്ന് മൊത്തം നിഷ്ക്രിയാസ്തി 3,803.87 കോടി രൂപയായി ഉയർന്നു. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അറ്റ നിഷ്ക്രിയാസ്തി 1,800.54 കോടി രൂപയിൽ നിന്ന് 1,325.74 കോടി രൂപയായി കുറയ്ക്കാന്‍ എസ്ഐബിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍പാദവുമായുള്ള താരതമ്യത്തില്‍ നേരിയ വര്‍ധനയാണ് നെറ്റ് എന്‍പിഎ-യില്‍ പ്രകടമാകുന്നത്.
സിഎസ്ബി ബാങ്കിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിഷ്ക്രിയാസ്തി ക്രമാനുഗതമായി കുറയുകയാണ്. 2023 ജൂൺ അവസാനത്തില്‍ മൊത്തം എൻപിഎ 1.27 ശതമാനത്തിലേക്ക് കുറഞ്ഞു. 2022 ജൂണ്‍ അവസാനം ഇത് 1.79 ശതമാനമായിരുന്നു. ഇതേ കാലയളവിൽ അറ്റ എൻപിഎ ഏതാണ്ട് പകുതിയായി, അതായത് 0.60 ശതമാനത്തിൽ നിന്ന് 0.32 ശതമാനമായി കുറഞ്ഞു.