6 Feb 2023 3:03 PM IST
Summary
- നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ജാഗ്രതപരമായ സമീപനം സ്വീകരിച്ചു
- അദാനി ഓഹരിയിലുണ്ടായ തകര്‍ച്ച വിപണിയെ പിടിച്ചുലച്ചു
ഡല്‍ഹി: വിപണിയില്‍ വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരുന്നു. ജനുവരിയില്‍ കഴിഞ്ഞ ഏഴു മാസത്തിനിടക്കുണ്ടായ ഏറ്റവും ഉയര്‍ന്ന വിറ്റഴിക്കലാണ് റിപ്പോര്‍ട്ട് ചെയ്തത്. വിപണിയില്‍ നിന്നും 28,852 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ചൈനീസ് വിപണികളിലെ ആകര്‍ഷണീയതയാണ് നിലവിലെ പിന്‍വാങ്ങലിനു കാരണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
എന്‍എസ് ഡിഎല്‍ പുറത്തുവിട്ട കണക്കു പ്രകാരം നവംബറില്‍ 11,119 കോടി രൂപയുടെയും ഡിസംബറില്‍ 36,238 കോടി രൂപയുടെയും അറ്റ നിക്ഷേപം ആഭ്യന്തര വിപണിയില്‍ നടത്തിയിരുന്നു.
മറ്റുള്ള ആഗോള വിപണികളെ അപേക്ഷിച്ച് ആഭ്യന്തര വിപണിയിലെ അസ്ഥിരമായ അവസ്ഥ മൂലമാണ് എഫ് പിഐ ഒഴുക്ക് ചഞ്ചലമായി തുടരുന്നതെന്ന് കൊട്ടക് സെക്യുരിറ്റീസിലെ റീസേര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ അഭിപ്രായപ്പെട്ടു.2022 ജൂണിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ തുക ആഭ്യന്തര വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ജൂണില്‍ 50,203 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിരുന്നു.സമാനമായ അവസ്ഥയാണ് ഫെബ്രുവരി ആദ്യ ആഴ്ച പൂര്‍ത്തിയാക്കുമ്പോഴും വിപണിയില്‍ കാണുന്നത്. ഈ മാസം ഇതുവരെ 5,700 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
എഫ്പിഐകള്‍ ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ പോലുള്ള മൂല്യ നിര്‍ണയം ആകര്‍ഷകമായ, വില കുറഞ്ഞ വിപണികളിലാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്ന പണം നിക്ഷേപിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.ഈ വര്‍ഷം ഇതുവരെ ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ മുതലായ വിപണികള്‍ യഥാക്രമം 4.71 ശതമാനവും 7.52 ശതമാനവും 11.45 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റും, യു എസ് ഫെഡ് റിസര്‍വിന്റെ പണനയ യോഗവും കണക്കിലെടുത്ത് നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ജാഗ്രതപരമായ സമീപനം സ്വീകരിച്ചുവെന്ന് മോര്‍ണിംഗ് സ്റ്റാറിന്റെ റീസേര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.
' യു എസ് ഫെഡ് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് നിരക്ക് വര്‍ധനയില്‍ ഇളവ് വരുത്തിയത് മുന്നോട്ടേക്ക് ഇത് കുറയുന്നതിന്റെ സൂചനയാണ്. ഒപ്പം അടിസ്ഥാന സൗകര്യങ്ങളിലും, സാമ്പത്തിക വളര്‍ച്ചയിലും ഊന്നല്‍ നല്‍കി കൊണ്ടുള്ള കേന്ദ്ര ബജറ്റും പോസിറ്റീവ് ആയിരുന്നു,'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അദാനി ഓഹരിയിലുണ്ടായ തകര്‍ച്ച വിപണിയെ പിടിച്ചുലച്ചു. അതിനാല്‍ ഈ രണ്ട് അനുകൂലമായ ഘടകങ്ങള്‍ക്ക് വിപണിയില്‍ മുന്നേറ്റമുണ്ടാകാന്‍ കഴിഞ്ഞില്ല. അദാനി ഓഹരികളെ കൂടാതെ അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയ ബാങ്കുകളുടെ ഓഹരികളും വാന്‍ തോതില്‍ ഇടിഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ ബാങ്കിങ് സംവിധാനം ശക്തമായി തുടരുന്നുവെന്ന ആര്‍ബി ഐയുടെ പ്രസ്താവന ബാങ്കിങ് ഓഹരികള്‍ മുന്നേറുന്നതിനു സഹായിച്ചു. മറുവശത്തു വിദേശ നിക്ഷേപകര്‍ ഡെറ്റ് മാര്‍ക്കറ്റുകളില്‍ 3,531 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.