image

16 Nov 2022 12:30 PM IST

Corporates

ഇ-കൊമേഴ്‌സ് കമ്പനി സീ ലിമിറ്റഡ് പിരിച്ചുവിട്ടത് 7,000 പേരെ: ടെക്ക് കോര്‍പ്പറേറ്റുകളില്‍ ഫയറിംഗ് ശക്തം

MyFin Desk

ഇ-കൊമേഴ്‌സ് കമ്പനി സീ ലിമിറ്റഡ് പിരിച്ചുവിട്ടത് 7,000 പേരെ: ടെക്ക് കോര്‍പ്പറേറ്റുകളില്‍ ഫയറിംഗ് ശക്തം
X

ഗാലക്‌സിസ് (സിംഗപ്പൂര്‍): ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് സിംഗപ്പൂരിലും കോര്‍പ്പറേറ്റുകളില്‍ നിന്നും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടും വരുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ സീ ലിമിറ്റഡ് എന്ന ഇ-കൊമേഴ്‌സ് സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ ആറ് മാസത്തിനിടെ 7,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇ-കൊമേഴ്‌സിലും ഗെയിമിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയിലെ ആകെ ജീവനക്കാരില്‍ 10 ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് സൂചന.

സെപ്റ്റംബറില്‍ ബ്ലൂംബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം സീ ലിമിറ്റഡിന്റെ ഉപവിഭാഗമായ ഷോപ്പിയില്‍ നിന്നും 3 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ തന്നെ കമ്പനിയില്‍ നിന്നും ഒട്ടേറെ പേരെ പിരിച്ചുവിട്ടു കഴിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇത് സംബന്ധിച്ച് കമ്പനി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അര്‍ജന്റീന, ചിലെ, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അടുത്തിടെ ടെക്ക് ഭീമന്മാരായ ട്വിറ്ററും മെറ്റയും ആളുകളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണും ഇതേ നടപടികളിലേക്ക് നീങ്ങുന്നത്. വരും ദിവസങ്ങളില്‍ തന്നെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. ആകെ 16 ലക്ഷം ജീവനക്കാരാണ് ആഗോളതലത്തില്‍ കമ്പനിയ്ക്കുള്ളത്. ഇതില്‍ ഒരു ശതമാനം ആളുകളെയാണ് ഇപ്പോള്‍ പിരിച്ചു വിടുന്നത്. അതായത് ഏകദേശം 16,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.

വരും ദിവസങ്ങളില്‍ ആമസോണില്‍ നിന്നും തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിയേക്കാം. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണ് സംഭവിക്കാന്‍ പോകുന്നത്. ആമസോണിന്റെ ഉപകരണ നിര്‍മാണ വിഭാഗം, ഹ്യൂമന്‍ റിസോഴ്‌സസ്, റീട്ടെയില്‍ വിഭാഗം എന്നിവയിലെ ആളുകളെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല ഈ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ സംബന്ധിച്ച് മുന്‍കൂര്‍ അറിയിപ്പും നല്‍കിയിരുന്നു. ആഗോളതലത്തില്‍ ഒട്ടേറെ സെല്ലേഴ്സുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ആമസോണ്‍.