image

10 Dec 2022 1:01 PM IST

Corporates

നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടും കമ്പനി നീക്കുമോ? വീണ്ടും 'ശുദ്ധികലശവുമായി' മസ്‌ക്

MyFin Desk

Twitter news
X

Summary

  • നാളുകളായി ലോഗിന്‍ ചെയ്യാതെ കിടക്കുന്ന അക്കൗണ്ടുകളാണ് നീക്കം ചെയ്യുന്നത്.


ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്നതുള്‍പ്പടെ 150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നറിയിച്ച് സിഇഒ എലോണ്‍ മസ്‌ക്. ഉള്ളടക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, വ്യാജമായ വിവരങ്ങള്‍ കടന്നു കൂടുന്നത് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളും നീക്കത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. ദീര്‍ഘകാലമായി ലോഗിന്‍ ചെയ്യാതിരിക്കുന്നതും കണ്ടന്റ് പോസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഇരിക്കുന്നതുമായ അക്കൗണ്ടുകളായും ആദ്യഘട്ടത്തില്‍ നീക്കം ചെയ്യുക എന്നാണ് സൂചന.

എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. സജീവമായി ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല. ഉപയോഗിക്കാത്ത അക്കൗണ്ടുകളുടെ ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കും. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ലോഗിന്‍ ചെയ്തില്ല എങ്കിലാകും അക്കൗണ്ട് നീക്കം ചെയ്യുക.

ഉപഭോക്താക്കളുടെ ഓരോ ട്വീറ്റും എത്ര പേര്‍ കണ്ടു എന്ന കണക്ക് വ്യക്തമാക്കുന്ന ഫീച്ചര്‍ വൈകാതെ ഉള്‍പ്പെടുത്തുമെന്നും മസ്‌ക് അറിയിച്ചു. ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ 11 ഡോളര്‍ ഈടാക്കിയേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. മസ്‌ക് ട്വിറ്റര്‍ മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ കമ്പനിയില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരികയാണ്.

ഇതിന്റെ ആദ്യപടിയെന്നവണ്ണം ഒട്ടേറെ ജീവനക്കാരെ രണ്ട് ഘട്ടങ്ങളിലായി അദ്ദേഹം പിരിച്ചു വിട്ടിരുന്നു. കമ്പനിയില്‍ വരുമാനം കുറയുന്നുവെന്നും അനാവശ്യ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരിലെ പകുതി പേരെയും മസ്‌ക് പിരിച്ചു വിട്ടത്. രണ്ടാം ഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി ഏതാനും ആഴ്ച്ച മുന്‍പ് 4,400 കരാര്‍ ജീവനക്കാരേയും മസ്‌ക് പിരിച്ചു വിടുകയുണ്ടായി.

വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു. ഓഫിസില്‍ വന്ന ശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാതെ വന്നപ്പോഴാണ് പിരിച്ചുവിടല്‍ സംബന്ധിച്ച് കാര്യങ്ങള്‍ ജീവനക്കാര്‍ അറിയുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.