image

8 Nov 2022 1:05 PM IST

Corporates

പാരഡി അക്കൗണ്ടുകള്‍ക്ക് മസ്‌കിന്റെ പൂട്ട്: ട്രോളുമായി സെലിബ്രിറ്റികളും

MyFin Desk

elon musk to lock parody accounts
X

elon musk to lock parody accounts 

Summary

ചില സെലിബ്രിറ്റികള്‍ ഉള്‍പ്പടെ അവരുടെ പേജുകളുടെ പേര് എലോണ്‍ മസ്‌ക് എന്നാക്കിയിരുന്നു. പാരഡി അക്കൗണ്ടുകള്‍ എന്നാണ് ഇവയെ വിളിയ്ക്കാറ്. എന്നാല്‍ ഇത്തരം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇവ സസ്പെന്‍ഡ് ചെയ്യുമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.


ട്വിറ്റര്‍ തലപ്പത്തേക്ക് എലോണ്‍ മസ്‌ക് എത്തിയതിന് പിന്നാലെ കമ്പനിയില്‍ സര്‍വത്ര മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. തൊഴിലില്‍ നിന്നും ആയിരക്കണക്കിന് പേരെ പിരിച്ചിവിട്ടതിന് പിന്നാലെ ഇവരില്‍ ചിലരെ തിരിച്ചു വിളിയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ ട്രോള്‍ മഴയാണ് മറ്റ് സമൂഹ മാധ്യമങ്ങളില്‍ നിറയെ. എന്നാല്‍ ട്വിറ്ററിലെ ആക്ഷേപഹാസ്യമാണ് രസകരം. ചില സെലിബ്രിറ്റികള്‍ ഉള്‍പ്പടെ അവരുടെ പേജുകളുടെ പേര് എലോണ്‍ മസ്‌ക് എന്നാക്കിയിരുന്നു. പാരഡി അക്കൗണ്ടുകള്‍ എന്നാണ് ഇവയെ വിളിയ്ക്കാറ്. എന്നാല്‍ ഇത്തരം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇവ സസ്പെന്‍ഡ് ചെയ്യുമെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.

മേധാവി സ്ഥാനത്തേക്കു എത്തിയത് മുതല്‍ മസ്‌ക്ക് നടത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. പകുതിയോളം ജീവനക്കാരെ പിരിച്ചു വിട്ടത് മുതല്‍, ട്വിറ്ററിലെ ബ്ലൂ ടിക്കിനു മാസം 8 ഡോളര്‍ നല്‍കണമെന്നടക്കമുള്ള മസ്‌കിന്റെ നയങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍ പല പ്രമുഖരും ഈ നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ട് കൊണ്ട് തങ്ങളുടെ ട്വിറ്റര്‍ പേര് ഇലോണ്‍ മസ്‌ക്ക് എന്നാക്കി പരിഹാസ ട്വീറ്റുകളുമായി രംഗത്തെത്തുകയാണ്. കാത്തി ഗ്രിഫിന്‍ എന്ന കൊമേഡിയന്റെ അക്കൗണ്ട് ഇത്തരത്തില്‍ ഇലോണ്‍ മസ്‌ക്ക് എന്ന് പേരാക്കി മാറ്റിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മിടുക്കര്‍ക്ക് മസ്‌കിന്റെ പിന്‍വിളി

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ പിരിച്ചു വിടുകയും നിലവില്‍ ജോലിയില്‍ തുടരുന്ന ചില എഞ്ചിനീയര്‍മാരുടെ തൊഴില്‍ സമയം പ്രതിദിനം 12 മണിക്കൂറാക്കുകയും ചെയ്തു. ആഴ്ച്ചയില്‍ ഏഴ് ദിവസം ജോലി ചെയ്യണമെന്നും അദ്ദേഹത്തിന്റെ അറിയിപ്പിലുണ്ടായിരുന്നു. ലീവ് ചോദിക്കാനും പാടില്ല. എന്നാലിപ്പോള്‍ തന്റെ മൂന്നാഴ്ച്ച നീണ്ട നടപടിക്രമങ്ങളില്‍ മസ്‌കിന് 'മനഃക്ലേശം' ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ട്വീറ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ആളുകളുടെ എണ്ണം കൂടുതലായതിനാല്‍ പ്രതിദിനം 40 ലക്ഷം യുഎസ് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്നും, പിരിഞ്ഞു പോയവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം അധികമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് ട്വീറ്റ് വഴി അറിയിച്ചു. ഇവര്‍ക്ക് വിതരണം ചെയ്തിരിക്കുന്ന തുക നിയപരമായി നല്‍കേണ്ടതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും ട്വീറ്റിലുണ്ട്. ഇതിനൊപ്പം തന്നെയാണ് മസ്‌ക് പിരിച്ചുവിട്ട ചില ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും വരുന്നത്.