image

2 Dec 2022 1:24 PM IST

Corporates

എന്‍ഡിടിവിയുടെ ഓഹരികള്‍ പിടി വിട്ട് ഉയരുന്നു, 6 മാസത്തെ വളർച്ച 153%

MyFin Desk

ndtv shares surged market
X


ഡെല്‍ഹി: അദാനിയുടെ ഓപ്പണ്‍ ഓഫര്‍ തുടരുമ്പോള്‍ വിപണിയില്‍ കുതിച്ചുയര്‍ന്ന് എന്‍ഡിടിവിയുടെ ഓഹരികള്‍. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുക്കുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചതിനു ശേഷം എന്‍ഡിടിവിയുടെ ഓഹരികള്‍ 16 ശതമാനത്തിലധികം ഉയര്‍ന്നു. എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികളാണ് ഓപ്പണ്‍ ഓഫറിലൂടെ ഏറ്റെടുക്കാന്‍ അദാനി ലക്ഷ്യമിടുന്നത്. ബിഎസ്ഇയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ ഓഗസ്റ്റ് 23 നു ശേഷം 16.19 ശതമാനം വര്‍ധിച്ചു. ഇന്ന് പ്രാരംഭഘട്ട വ്യാപാരത്തില്‍ ഓഹരി 2.23 ശതമാനം നേട്ടത്തില്‍ 435 രൂപയിലാണ് വ്യാപാരം ചെയ്തിരുന്നത്.

അദാനി ഓപ്പണ്‍ ഓഫറില്‍ ഓഹരി ഒന്നിന് 294 രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചത്. വിപണിയില്‍ ഓഹരിയുടെ വില ഈ തുകയില്‍ നിന്നും 44.72 ശതമാനം വര്‍ധിച്ചു. നവംമ്പർ 22 ന് ആരംഭിച്ച ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ 5ന് അവസാനിക്കും. ബിഎസ്ഇ പുറത്തു വിട്ട കണക്കു പ്രകാരം,ഓപ്പണ്‍ ഓഫറിലൂടെ 53,27,826 ഓഹരികള്‍ ടെന്‍ഡറായി.

ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചതിനു ശേഷം എന്‍ഡിടിവിയുടെ ഓഹരികള്‍, വ്യപാരത്തിന്റെ പല സെഷനിലും അപ്പര്‍ സര്‍ക്യുട്ടിലെത്തിയിരുന്നു. നവംബര്‍ 25 ന് അപ്പര്‍ സര്‍ക്യുട്ട് പരിധിയായ 386.80 രൂപയിലെത്തിയിരുന്നു. നവംബര്‍ 28ന വീണ്ടും അപ്പര്‍ സര്‍ക്യുട്ട് പരിധിയായ 406.10 രൂപയിലെത്തി. തുടര്‍ന്നുള്ള മൂന്നു സെഷനിലും ഇതേ നിലയിലാണ് വ്യാപാരം തുടര്‍ന്നത്. ഡിസംബര്‍ ഒന്നിന് ഓഹരി 425.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നവംബര്‍ 22 ന് ഓപ്പണ്‍ ഓഫര്‍ ആരംഭിച്ചതിനു ശേഷം ഓഹരി 13 ശതമാനമാണ് വര്‍ധിച്ചത്.

അദാനി എന്‍ഡിടിവി ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ ജൂലൈയില്‍ വന്നത് മുതല്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ക്ക് ബുള്ളിഷ് ട്രെന്‍ഡാണ്. ജൂലൈ 1 മുതല്‍ ഡിസംബര്‍ 1 വരെ എന്‍ഡിടിവിയുടെ ഓഹരികള്‍ 153 ശതമാനമാണ് വര്‍ധിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 5 ന് ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 540.85 രൂപയിലെത്തിയിരുന്നു. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ആര്‍ആര്‍പിആര്‍ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ഓപ്പണ്‍ ഓഫര്‍ വിജയകരമായി പൂര്‍ത്തിയാകുകയാണെങ്കില്‍ എന്‍ ഡി ടി വിയുടെ 55 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തും. എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടര്‍ സ്ഥാനം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.