5 Nov 2022 4:00 PM IST
Acquisition of Twitter by Elon Musk
Summary
ഇപ്പോള്‍ ട്വിറ്റര്‍ ഇന്ത്യയിലുള്ള 180 പേരെയാണ് മസ്‌ക് പിരിച്ചുവിട്ടിരിക്കുന്നത്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഇന്ത്യയിലെ ജീവനക്കാരില്‍ ഇന്നലെ തൊഴില്‍ നഷ്ടപ്പെട്ടത് 180 ജീവനക്കാര്‍ക്ക്. ഇന്ത്യയില്‍ 230 പേരാണ് ട്വിറ്ററിന്റെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. കണ്ടന്റ്, പാര്‍ട്ട്ണര്‍ഷിപ്പ്, കണ്ടന്റ് ക്യുറേഷന്‍, സെയില്‍സ്, സോഷ്യല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പൊന്നുമില്ലാതെ ഇന്നലെ രാവിലെ മുതല്‍ പലര്‍ക്കും ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായുള്ള അറിയിപ്പുകള്‍ ലഭിച്ചിരുന്നു.
ചില ജീവനക്കാര്‍ക്കുമാത്രമാണ് ജോലിയില്‍ തുടരാനുള്ള 'സര്‍വൈവര്‍' ഇമെയിലുകള്‍ ലഭിച്ചതെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ക്രിട്ടിക്കല്‍ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കാണ് ജോലിയില്‍ തുടരാനുള്ള അറിയിപ്പ് ലഭിച്ചത്. ഈ ജീവനക്കാരെ ഇപ്പോള്‍ നിലനിര്‍ത്തുന്നുവെങ്കിലും, അവരുടെ ജോലികള്‍ എന്തൊക്കെയാണെന്നുള്ളതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പിരിച്ചു വിടുന്നതിനു മുമ്പ നേരത്തെ അറിയിപ്പു നല്‍കുമെന്നും, സാവകാശം അനുവദിക്കുമെന്നും ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇന്നലെ ജോലി അവസാനിച്ച് പോകാനിറങ്ങുമ്പോഴാണ് അറിയിപ്പ് ലഭിച്ചതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെങ്കിലും, അവരുടെ കമ്പനി സിസ്റ്റവും, ഇമെയിലുകളും, ഓഫീസിനുള്ളില്‍ സന്ദേശങ്ങള്‍ കൈമാറാനുള്ള സ്ലാക്ക് പ്ലാറ്റ്ഫോമുകളും ലോഗൗട്ട് ചെയ്തുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഈ വാര്‍ത്തകളോടൊന്നും പ്രതികരിക്കാന്‍ ട്വിറ്റര്‍ ടീം തയ്യാറായിട്ടില്ല. വ്യാഴാഴ്ച്ച ട്വിറ്റര്‍ മാനേജ്മെന്റ് ആഗോള തലത്തില്‍ പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയില്‍ അയച്ചിരുന്നു. പിരിച്ചുവിടലിനെതിരെ ജീവനക്കാര്‍ ഹാഷ്ടാഗും ആരംഭിച്ചിട്ടുണ്ട്. ട്വിറ്റര്‍ ജീവനക്കാര്‍ അവരെ ട്വീപ് (Tweep), അല്ലെങ്കില്‍ ട്വീപിള്‍ (Tweeple) എന്നാണ് സ്വയം വിളിക്കുന്നത്.
ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ ജീവനക്കാരുടെ എണ്ണത്തില്‍ എത്രയും വേഗം വെട്ടിക്കുറയ്ക്കല്‍ നടത്താന്‍ എലോണ്‍ മസ്‌ക് ഒരുങ്ങുന്നതായി ട്വിറ്റര്‍ ജീവനക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്പനിയിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും തസ്തിക വെട്ടിക്കുറയ്ക്കല്‍ ഉണ്ടാകുമെന്നും, ചില വിഭാഗങ്ങളില്‍ കൂടുതലായുണ്ടാകാന്‍ സാധ്യതയെന്നും ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ആഗോളതലത്തില്‍ ട്വിറ്ററില്‍ ഏകദേശം 7,500 ജീവനക്കാരാണുള്ളത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയായതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗാഡെ എന്നിവരുള്‍പ്പെടെ നിരവധി എക്സിക്യൂട്ടീവുകളെ ജോലിയില്‍ നിന്നും മസ്‌ക് പുറത്താക്കിയിരുന്നു.