23 July 2023 2:57 PM IST
Summary
- ആദ്യ ഘട്ടത്തില്‍ സാധ്യമാക്കുന്നത് പ്രതിവര്‍ഷം 0.5 ദശലക്ഷം ടൺ ശേഷി
- ചെമ്പിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും
- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് റെക്കോർഡ് ചെമ്പ് ഇറക്കുമതി
ഗുജറാത്തിലെ മുന്ദ്രയിൽ അദാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കോപ്പര്‍ ഫാക്റ്ററിയുടെ പ്രവര്‍ത്തനം അടുത്ത വർഷം മാർച്ച് മുതൽ ആരംഭിക്കും. ചെമ്പിന്‍റെ ആവശ്യകതയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഊർജ പരിവർത്തനത്തെ സഹായിക്കാനും ഇത് രാജ്യത്തെ സഹായിക്കുമെന്നാണ് കമ്പനി വിശദമാക്കുന്നത്. വൈദ്യുതീകരണത്തിന് അനിവാര്യമായ ലോഹം എന്ന നിലയിലാണ് ചെമ്പ് കൂടുതലായും പ്രാധാന്യം നേടുന്നത് . വൈദ്യുത വാഹനങ്ങൾ (ഇവികൾ), ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സോളാർ ഫോട്ടോവോൾട്ടായിക്സ് (പിവി), വിന്‍ഡ് ബാറ്ററികൾ തുടങ്ങി വൈദ്യുതി വിതരണത്തില്‍ നിർണ്ണായകമായ സാങ്കേതികവിദ്യകൾക്കെല്ലാം ചെമ്പ് ആവശ്യമാണ്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉപസ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ) രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം 1 ദശലക്ഷം ടൺ ശുദ്ധീകരിച്ച കോപ്പർ ഉൽപ്പാദിപ്പിക്കാന്‍ പ്രാപ്തമായ ഒരു ഗ്രീൻഫീൽഡ് കോപ്പർ റിഫൈനറിയാണ് സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടത്തിൽ, പ്രതിവർഷം 0.5 ദശലക്ഷം ടൺ ശേഷി ഉല്‍പ്പാദനം ലക്ഷ്യംവെക്കുന്നു. ഇതിനുള്ള ഫണ്ട് ഒരു സിന്‍ഡിക്കേറ്റഡ് ക്ലബ്ബ് ലോണിലൂടെ കണ്ടെത്തിയിട്ടുണ്ട്.
"നടന്നുകൊണ്ടിരിക്കുന്ന നിരവധി പ്രോജക്റ്റുകളിലെ രണ്ട് പ്രധാന പദ്ധതികളിൽ നവി മുംബൈ എയർപോർട്ടും കോപ്പർ ഫാക്റ്ററിയുമാണ്, രണ്ടും ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുപോകുന്നു," അല്‍പ്പ ദിവസങ്ങൾക്ക് മുമ്പ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അദാനി പ്രസ്താവിച്ചു. 8,783 കോടി രൂപയുടെ മൊത്തം ചെലവിടലാണ് ഗ്രീൻഫീൽഡ് പ്രോജക്റ്റിന് പ്രതീക്ഷിക്കുന്നത്. ഒന്നാം ഘട്ടത്തിന് ആവശ്യമായ 6,071 കോടി രൂപയുടെ മുഴുവൻ കടവും ബാങ്കുകളുടെ കൺസോർഷ്യം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
പ്രോജക്റ്റിനായുള്ള ഇക്വിറ്റി മാതൃസ്ഥാപനമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, സമയബന്ധിതമായ നിർവ്വഹണം ഉറപ്പാക്കുന്നതിന് എല്ലാ പ്രധാന അനുമതികളും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ലോഹമാണ് ചെമ്പ്, അതിവേഗം വളരുന്ന പുനരുപയോഗ ഊർജം, ടെലികോം, ഇലക്ട്രിക് വാഹനം എന്നീ വ്യവസായങ്ങളുടെ പിൻബലത്തിൽ അതിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ചെമ്പ് ഉൽപാദനത്തിന് ഈ ആവശ്യം നിറവേറ്റാൻ കഴിയുന്നില്ല, കൂടാതെ ആഭ്യന്തര തലത്തിലെ വിതരണ തടസ്സങ്ങൾ ഇറക്കുമതി ചെമ്പിനെ കൂടുതൽ ആശ്രയിക്കുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയുടെ ചെമ്പ് ഇറക്കുമതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 1,81,000 ടൺ എന്ന റെക്കോർഡ് അളവില്‍ ചെമ്പ് ഇറക്കുമതി ചെയ്തു, അതേസമയം കയറ്റുമതി 30,000 ടണ്‍ എന്ന കുറഞ്ഞ റെക്കോഡിലേക്ക് എത്തുകയും ചെയ്തു. കൊറോണ മഹാമാരി കാലത്ത് രേഖപ്പെടുത്തിയ കയറ്റുമതി അളവിനേക്കാള്‍ കുറവാണിത്.
2022 -23 സാമ്പത്തിക വർഷത്തിൽ രാജ്യം 7,50,000 ടൺ ചെമ്പ് ഉപയോഗിച്ചതായി കണക്കാക്കുന്നു. പുനരുപയോഗ ഊർജ വ്യവസായത്തിൽ നിന്നുള്ള വലിയ ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ 2027 ഓടെ ഇത് 1.7 ദശലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സോളാർ ഫോട്ടോവോൾട്ടെയ്ക് (പിവി) ഇൻസ്റ്റാളേഷനുകളിൽ നിന്നുള്ള ചെമ്പിന്റെ ആഗോള ആവശ്യകത നിലവിലെ ദശകത്തിൽ 2.25 ദശലക്ഷം ടണ്ണായി ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നു.
റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ അതിവേഗം വളരാന്‍ ശ്രമിക്കുന്ന അദാനി ഗ്രൂപ്പിന് ആഭ്യന്തരമായി തന്നെ ഏറെ ചെമ്പ് ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറൻ തീരത്ത് മുന്ദ്രയിലെ തന്ത്രപ്രധാന മേഖലയിലാണ് പ്ലാന്‍റ് വരുന്നത്. മുന്ദ്ര പ്രത്യേക സാമ്പത്തിക മേഖലയെ മൂല്യവർധിത ചെമ്പ് ഉൽപന്നങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റാനും ഇതിലൂടെ കമ്പനിക്ക് സാധിക്കും. പുനരുപയോഗ ഊര്‍ജ്ജ ആവശ്യകതയുടെ വളര്‍ച്ചയില്‍ നിന്ന് പരമാവധി നേട്ടം കൊയ്യാനുമാകും.