31 Dec 2022 12:34 PM IST
Summary
- ഡിസംബറില്‍ മാത്രം ടെസ്‌ലയുടെ ഓഹരി മൂല്യത്തില്‍ 11 ശതമാനം ഇടിവാണുണ്ടായത്.
ശതകോടീശ്വര പട്ടികയിലെ ചക്രവര്‍ത്തി എലോണ്‍ മസ്‌കിന് വേറിട്ട നേട്ടങ്ങളായിരുന്നു 'റെക്കോര്‍ഡെങ്കില്‍' ലോകത്തെ ഏറ്റവുമധികം നഷ്ടം സംഭവിച്ച വ്യക്തി എന്ന 'സല്‍പ്പേരും' കൂടി ഇപ്പോള്‍ സ്വന്തമായിരിക്കുകയാണ്. ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2022 അവസാനിക്കുമ്പോള്‍ മസ്‌കിനുണ്ടായ നഷ്ടം എന്നത് ഏകദേശം 20,000 കോടി (200 ബില്യണ്‍) യുഎസ് ഡോളറാണ്. രൂപയില്‍ മൂല്യം കണക്കാക്കിയാല്‍ തലകറങ്ങുമെന്നുറപ്പ്. കൃത്യമായി പറഞ്ഞാല്‍ ഏകദേശം 16.55 ലക്ഷം കോടി ഇന്ത്യന്‍ രൂപ !
2021 ജനുവരിയില്‍ ആഗോള ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന മസ്‌കിന് ടെസ്‌ലയുടെ ഓഹരി വിലയിലെ ഇടിവാണ് ഈ വര്‍ഷം വെല്ലുവിളിയായത്. കമ്പനിയുടെ ഓഹരി മൂല്യം 68 ശതമാനം ഇടിഞ്ഞതോടെ 200 ബില്യണ്‍ ഡോളറിന് മുകളിലായിരുന്ന മസ്‌കിന്റെ ആസ്തി 137 ബില്യണ്‍ ഡോളറായി താഴ്ന്നു. മറ്റ് രീതിയിലുള്ള നഷ്ടങ്ങളെല്ലാം ചേര്‍ത്താണ് 200 ബില്യണ്‍ ഡോളര്‍ മസ്‌കിന് 'പോയത്'.

ഡിസംബറില്‍ മാത്രം ടെസ്‌ലയുടെ ഓഹരി മൂല്യത്തില്‍ 11 ശതമാനം ഇടിവാണുണ്ടായത്. വാഹന വില്‍പനയില്‍ ഉള്‍പ്പടെ പ്രതീക്ഷിച്ചയത്ര വിപണി നേടാന്‍ ടെസ്‌ലയ്ക്ക് സാധിച്ചില്ല. ചൈനീസ് വിപണിയില്‍ നിന്നുള്ള തിരിച്ചടിയും ടെസ്‌ലയുടെ ശോഭ കെടുത്തി. മാത്രമല്ല ഒക്ടോബറില്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ 44 ബില്യണ്‍ യുഎസ് ഡോളറിന് ഏറ്റെടുത്തിന് പിന്നാലെ പൊതു സമൂഹത്തിനിടയില്‍ നിന്നും മസ്‌കിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
ട്വിറ്ററില്‍ ഇറക്കിയ പണം തിരിച്ചുപിടിക്കാന്‍ മസ്‌ക് നടത്തിയ ശ്രമങ്ങളെല്ലാം തന്നെ കൈവിട്ടു പോകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. കൂട്ടപ്പിരിച്ചുവിടല്‍ പോലുള്ള തീരുമാനങ്ങളും വിവാദപരമായ ട്വീറ്റുകളും മൂലം കോര്‍പ്പറേറ്റ് ലോകത്ത് ട്വിറ്ററിനുണ്ടായിരുന്ന സ്വീകാര്യതയ്ക്ക് വന്‍ ഇടിവാണ് സംഭവിച്ചത്.
ഡാറ്റാ ചോര്‍ച്ചയും 'തലവേദന'
മുന്‍പ് സന്ദേശങ്ങള്‍ പങ്കുവെക്കുന്നതിനുള്‍പ്പടെ സുരക്ഷിതത്വം ഇല്ലെന്ന 'ചീത്തപ്പേര്' കേട്ട ട്വിറ്ററില്‍ നിന്നും കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളേ ആകുന്നുള്ളൂ. ഈ വിഷയത്തില്‍ ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം. വരും ദിവസങ്ങളില്‍ ഡാറ്റാ ചോര്‍ച്ചയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാത്ത പക്ഷം ഒട്ടേറെ പേര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും സാധ്യതയുണ്ട്.
40 കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകളും, ലിങ്ക് ചെയ്ത ഫോണ്‍ നമ്പറുകളും അടങ്ങിയ ഡാറ്റ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കെത്തി എന്നായിരുന്നു ഏതാനും ദിവസം മുന്‍പ് വന്ന റിപ്പോര്‍ട്ട്. സൈബര്‍ ക്രൈം ഇന്റലിജന്‍സ് സ്ഥാപനമായ ഹഡ്സണ്‍ റോക്കാണ് ഡിസംബര്‍ 24 ന് ട്വിറ്ററിലൂടെ ഈ ക്രെഡിബിള്‍ ത്രെഡ് (വിശ്വസനീയമായ ഭീഷണി)' ഉയര്‍ത്തിക്കാട്ടിയത്.

അതില്‍ 40 കോടി ട്വിറ്റര്‍ അക്കൗണ്ടുകളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ അടങ്ങിയ ഒരു സ്വകാര്യ ഡാറ്റാബേസ് ആരോ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 'എഒസി, കെവിന്‍ ഒ'ലിയറി, വിറ്റാലിക് ബ്യൂട്ടറിന്‍ തുടങ്ങിയ ഹൈ പ്രൊഫൈല്‍ ഉപഭോക്താക്കളുടെ ഇ-മെയിലുകളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങള്‍ ഈ ഡാറ്റബേസില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഹഡ്‌സണ്‍ റോക്ക് വ്യക്തമാക്കുന്നു.
വെബ്3 സെക്യൂരിറ്റി സ്ഥാപനമായ ഡെഫീല്‍ഡും ചില ഹാക്കര്‍മാരുമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലഗ്രാം വഴിയാണ് ഈ ഡാറ്റ അവര്‍ക്ക് ലഭ്യമായതെന്നും, ഇവവില്‍ക്കാനുള്ള തയാറെടുപ്പിലാണ് അവരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹാക്കര്‍മാരുടെ പക്കല്‍ ഡാറ്റ ഉണ്ടെന്ന വാദം ശരിയാണെന്ന് കണ്ടെത്തിയാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക്, ഇത് ഒരു പ്രധാന വെല്ലുവിളിയായേക്കാം.എന്നിരുന്നാലും, ഇത്തരമൊരു വലിയ തോതിലുള്ള നിയമ ലംഘനം വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ചില ഉപഭോക്താക്കള്‍ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 45,000 കോടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡാറ്റ വില്‍ക്കുന്നത് ഒഴിവാക്കാനും, ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഏജന്‍സിയില്‍ നിന്ന് പിഴ ലഭിക്കുന്നതില്‍ നിന്നും രക്ഷനേടാനും ഇലോണ്‍ മസ്‌ക് 276 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള ശ്രമം നടത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മസ്‌ക് ഈ ഫീസ് അടച്ചാല്‍, ഡാറ്റ നശിപ്പിക്കുമെന്നും അത് മറ്റാര്‍ക്കും വില്‍ക്കില്ലെന്നും 'ഫിഷിംഗ്, ക്രിപ്റ്റോ അഴിമതികള്‍, സിം സ്വാപ്പിംഗ്, ഡോക്സിംഗ് എന്നിവയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും ധാരാളം സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ കഴിയുമെന്നുമാണ് ഹാക്കര്‍ വ്യക്തമാക്കുന്നത്.