24 March 2023 11:54 AM IST
Summary
- ഡോര്‍സിയുടെ പേയ്‌മെന്റ് സ്ഥാപനമായ ബ്ലോക്കിന് എതിരെയാണ് ആരോപണം.
ന്യൂയോര്‍ക്ക് : അദാനി ഗ്രൂപ്പിലെ ഇടപാടുകളില്‍ കൃത്രിമമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് ആഴ്ച്ചകള്‍ക്കകം യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ അടുത്ത റിപ്പോര്‍ട്ടും പുറത്ത്. ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയും ആയ ജാക്ക് ഡോര്‍സിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യത്തില്‍ 526 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 4,337 കോടി രൂപ) ഇടിവാണ് വന്നത്. നിലവില്‍ 4.4 ബില്യണ്‍ യുഎസ് ഡോളറാണ് ജാക്ക് ഡോര്‍സിയുടെ ആസ്തി.
ഡോര്‍സിയുടെ പേയ്‌മെന്റ് സ്ഥാപനമായ 'ബ്ലോക്ക്' കണക്കില്‍ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഏറ്റവും പുതിയതായി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ആരോപിക്കുന്നു. ചെലവുകള്‍ കുറയ്ച്ചു കാണിയ്ക്കുകയും കമ്പനിയുമായുള്ള ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ച് കാണിയ്ക്കുകയും ചെയ്തുവെന്നും ഇതുവഴി വിപണിയില്‍ നേട്ടമുണ്ടാക്കാനാണ് ഡോര്‍സി ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്പനി നടത്തിയ അന്വേഷണപ്രകാരം ബ്ലോക്കിന്റെ അക്കൗണ്ടുകളില്‍ 40 മുതല്‍ 75 ശതമാനം വരെ വ്യാജമാണ്. ഒറ്റ വ്യക്തിയുടെ പേരില്‍ തന്നെ ഒട്ടേറെ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനോട് കമ്പനി പ്രതികരിച്ചിട്ടില്ല.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരിവിലയില്‍ 18 ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് പുത്തന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്.
അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും, അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, ഗണ്യമായ കടമുണ്ടെന്നുമൊക്കെ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത് ഏതാനും ആഴ്ച്ച മുന്‍പാണ്.
റിപ്പോര്‍ട്ട് തെറ്റിധരിപ്പിക്കുന്നതും, അടിസ്ഥാനരഹിത ആരോപണങ്ങളടങ്ങിയതുമാണെന്ന് അദാനി ഗ്രൂപ്പ് മറുവാദവുമായി രംഗത്തെത്തിയെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസത്തിനകം തന്നെ കമ്പനി ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി.
അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തികമായ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. അക്കൗണ്ടിംഗിലെ ക്രമക്കേട്, നിയമവിരുദ്ധവും, അധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍, വെളിപ്പെടുത്താത്ത സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ നിരീക്ഷിച്ച് പുറത്തു കൊണ്ടിവരികയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. 2017 ല്‍ നഥാന്‍ ആന്‍ഡേഴ്‌സണാണ് കമ്പനി സ്ഥാപിക്കുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റികറ്റിലെ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു ആന്‍ഡേഴ്‌സണ്‍. അമേരിക്കയിലേക്ക് എത്തുന്നതിനു മുമ്പ് ജറുസലേമില്‍ സജീവമായിരുന്ന ആന്‍ഡേഴ്‌സണ്‍ നിരവധി കമ്പനികളുടെ ബ്രോക്കറായും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി സ്ഥാപിക്കുന്നതിനു മുമ്പ് ബേണി മഡോഫ്‌സ് തട്ടിപ്പ് പദ്ധതി പുറത്തുകൊണ്ടുവന്ന ഹാരി മാര്‍ക്കോപോളോയോടൊപ്പം ആന്‍ഡേഴ്‌സണ്‍ പ്രവര്‍ത്തിച്ചിരുന്നു.
1937 ലെ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തമാണ് ഈ പേരിന് പിന്നില്‍. ജര്‍മന്‍ പാസഞ്ചര്‍ എയര്‍ഷിപ്പായ ഹിന്‍ഡന്‍ബര്‍ഗിന് ന്യൂ ജഴ്‌സിയില്‍വെച്ച് തീപിടിക്കുകയും 35 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തീ പിടിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ഹൈഡ്രജന്‍ വാതകമാണ് ഇതില്‍ ഇന്ധനമായി ഉപോയഗിച്ചിരുന്നതെന്നും അതുകൊണ്ട് ദുരന്തം മനുഷ്യനിര്‍മിതവുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടത്.