image

10 July 2023 4:42 PM IST

Corporates

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സുപ്രീം കോടതിയില്‍ സെബി സത്യവാങ്മൂലം സമര്‍പ്പിച്ചു

MyFin Desk

adani-hindenburg case sebi files affidavit in supreme court
X

Summary

  • അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 14 വരെ കോടതി സമയം അനുവദിച്ചിരുന്നു
  • ജുലൈ 11 ചൊവ്വാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്
  • സമഗ്ര അന്വേഷണത്തിന് സുപ്രീം കോടതി മാര്‍ച്ച് രണ്ടിനാണ് ഉത്തരവിട്ടത്


അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 41 പേജുള്ള സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെയും ഹര്‍ജിക്കാരുടെയും ശുപാര്‍ശകളാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ജുലൈ 11 ചൊവ്വാഴ്ചയാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്.

സെക്യുരിറ്റീസ് നിയമങ്ങളുടെ (securities laws) ലംഘനങ്ങള്‍ വിപണിയില്‍ ആഘാതം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുണ്ടാകുന്ന ആഘാതത്തിന്റെ തോത് പരിമിതപ്പെടുത്തുന്നതിന് ഉടനടി നടപടി വേണമെന്ന് വിദഗ്ധ സമിതി സൂചിപ്പിച്ചു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2023 ഓഗസ്റ്റ് 14 വരെ സുപ്രീം കോടതി സെബിക്ക് സമയം അനുവദിച്ചിരുന്നു.

ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികള്‍ ഓഹരിയില്‍ കൃത്രിമത്വം നടത്തിയെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ആരോപണം ഉയര്‍ത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഇടിഞ്ഞതിനെ തുടര്‍ന്നു സമഗ്ര അന്വേഷണത്തിന് സുപ്രീം കോടതി മാര്‍ച്ച് രണ്ടിനാണ് ഉത്തരവിട്ടത്. തുടര്‍ന്ന് വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു.

സമിതിയില്‍ ആറംഗങ്ങളാണുള്ളത്. മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എ.എം. സാപ്രെയാണ് സമിതിയുടെ അധ്യക്ഷന്‍.

അദാനി - ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മാര്‍ച്ച് രണ്ടിന് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇത് സങ്കീര്‍ണമായ വിഷയമാണെന്നും അന്വേഷിക്കാന്‍ സാധാരണയായി 15 മാസം വരെ സമയമെടുക്കുമെന്നും സെബി കോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി പൂര്‍ത്തിയാക്കാമെന്നും സെബി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഓഗസ്റ്റ് 14 വരെ സമയം നീട്ടി നല്‍കിയത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 12 സംശയകരമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചു സൂചനയുണ്ടായിരുന്നു. ഈ 12 ഇടപാടുകളും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടതാണ്. ഇവ വളരെ സങ്കീര്‍ണമാണ്. ഈ ഇടപാടുകള്‍ക്കു കീഴില്‍ നിരവധി ഉപ ഇടപാടുകളും നടന്നിട്ടുണ്ടെന്നും ആയതിനാല്‍ സമയമെടുത്തുള്ള അന്വേഷണം വേണ്ടിവരുമെന്നും സെബി അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സെബി, അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബോര്‍ഡ് / ഓഡിറ്റ് മീറ്റിംഗുകളുടെ മിനിറ്റ്‌സ്, വായ്പ സംബന്ധിച്ച വിവരങ്ങള്‍, ഷെയര്‍ ഹോള്‍ഡിങ് / പ്രമോട്ടര്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ 20 ഓളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂറാണ് ഹര്‍ജി നല്‍കിയത്. മൗറിഷ്യസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ കടലാസ് കമ്പനികളുണ്ടാക്കി ഹവാല ഇടപാട് നടത്തി പണം സമാഹരിച്ചിട്ടുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത് 2023 ജനുവരി മാസം അവസാന ആഴ്ചയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്ന് ദിവസം കൊണ്ട് അദാനിയുടെ നഷ്ടം 6500 കോടി ഡോളറിലെത്തി. സംഭവത്തെ തുടര്‍ന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും ഇടപെടലുകള്‍ നടത്തുകയുണ്ടായി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില വലിയ ഇടിവ് നേരിട്ടപ്പോള്‍ സമീപകാലത്തൊന്നും അവ തിരിച്ചു കയറില്ലെന്ന തോന്നല്‍ വലിയ വിഭാഗം നിക്ഷേപകരിലുമുണ്ടായി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു നാല് മാസങ്ങള്‍ക്ക് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മുന്നേറി