3 Dec 2023 2:59 PM IST
ബോര്‍ഡില്‍ ഡയറക്റ്റര്‍മാരെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്ത് എല്‍ഐസി
MyFin Desk
Summary
- ഭേദഗതികള്‍ വിജ്ഞാപനം ചെയ്തു
- ഷെയര്‍ഹോള്‍ഡര്‍ ഡയറക്റ്റര്‍മാരെ 4 വര്‍ഷത്തേക്ക് ബോര്‍ഡില്‍ നിയമിക്കും
തങ്ങളുടെ ബോർഡിൽ ഡയറക്റ്റര്‍മാരെ ഉൾപ്പെടുത്തുന്നതിനുള്ള നിബന്ധനകളില്‍ ഭേദഗതി ചെയ്തതായി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അറിയിച്ചു. ഷെയര്‍ഹോള്‍ഡര്‍ ഡയറക്ടർമാരെ തങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്നതിനായാണ് ഭേദഗതി നടപ്പിലാക്കുന്നത്.
ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിലൂടെയാണ് കഴിഞ്ഞ വർഷം എൽഐസി ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. കമ്പനിയില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന 3.5 ശതമാനം ഓഹരികൾ വിറ്റഴിച്ച് സർക്കാർ 20,557 കോടി രൂപ സമാഹരിച്ചു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഷെയർഹോൾഡേഴ്‌സ് ഡയറക്ടർ) റെഗുലേഷൻസ് 2023, ഡിസംബർ 1-ന് ഗസറ്റിൽ വിജ്ഞാപനം ചെയ്തതായി എൽഐസി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
മൊത്തം ഷെയർഹോൾഡർമാരുടെ പത്തിലൊന്നില്‍ നിന്നോ അല്ലെങ്കില്‍ ആയിരത്തിൽ കുറയാത്ത ഷെയർഹോൾഡർമാരില്‍ നിന്നോ (ഇതിലേതാണ് കുറവ് എന്നതിന്‍റെ അടിസ്ഥാനത്തില്‍), ഉള്ള നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ ഷെയർഹോൾഡർമാരുടെ പൊതുയോഗത്തിലൂടെ ഒരു ഷെയർഹോൾഡർ ഡയറക്‌ടറെ എല്‍ഐസി തിരഞ്ഞെടുക്കും.
ഷെയർഹോൾഡർമാരുടെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ 4 വർഷത്തേക്കാണ് ബോർഡില്‍ നിയമിക്കുക, കൂടാതെ 4 വർഷത്തേക്ക് കൂടി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനും അദ്ദേഹത്തിന് യോഗ്യത ഉണ്ടാകും.
നിലവിൽ എൽഐസിക്ക് ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി ഉൾപ്പെടെ അഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർമാരും ഒമ്പത് സ്വതന്ത്ര ഡയറക്ടർമാരും ഒരു സർക്കാർ നോമിനി ഡയറക്ടറുമുണ്ട്.