26 Aug 2023 11:50 AM IST
Summary
- ഏകദേശം 350 ദശലക്ഷം സ്റ്റോക്ക് ട്രേഡുകളുടെ ഡാറ്റ വിശകലനം ചെയ്തു
- 22 അന്തിമ റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയായി
അദാനി ഗ്രൂപ്പിനെതിരായി ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന അന്വേഷണം ഏറക്കുറേ പൂര്‍ത്തിയായെന്ന് ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബി സുപ്രീംകോടതിയില്‍ അറിയിച്ടു. കേസുമായി ബന്ധപ്പെട്ട, 24 കാര്യങ്ങളിലെ അന്വേഷങ്ങളില്‍ 22 എണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ടുകളും 2 എണ്ണത്തില്‍ താല്‍ക്കാലിക റിപ്പോര്‍ട്ടും തയാറായിട്ടുണ്ട്.
എല്ലാ അന്തിമ റിപ്പോർട്ടുകളും ഒരു ഇടക്കാല അന്വേഷണ റിപ്പോർട്ടും കോംപിറ്റേറ്റിവ് അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു റിപ്പോർട്ടിന്‍റെ ഇടക്കാല കണ്ടെത്തലുകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഇടപാടുകൾ സൂക്ഷ്മമായി പരിശോധിച്ചു, പതിനായിരക്കണക്കിന് രേഖകളാണ് ഇതില്‍ ഉൾപ്പെട്ടിരുന്നത്. ഏകദേശം 350 ദശലക്ഷം സ്റ്റോക്ക് ട്രേഡുകളുടെ ഡാറ്റ വിശകലനം ചെയ്തു,
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികള്‍ ഓഹരി വില ഉയര്‍ത്തുന്നതിന് കൃത്രിമത്വം നടത്തിയെന്നും അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. ജനുവരിയില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു വിവിധ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സുപ്രീം കോടതി മാര്‍ച്ച് രണ്ടിനാണ് ഉത്തരവിട്ടത്.
തുടര്‍ന്ന് അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എ.എം. സാപ്രെയാണ് അധ്യക്ഷനായ സമിതിയില്‍ ആറംഗങ്ങളാണുള്ളത്.