7 March 2023 1:16 PM IST
സൂം പ്രസിഡന്റിനെ ഫയര്‍ ചെയ്തത് കാരണം വ്യക്തമാക്കാതെ: ഗ്രെഗിന് പകരം ആളായില്ലെന്ന് റിപ്പോര്‍ട്ട്
MyFin Desk
Summary
- ആകെ ജീവനക്കാരിലെ 15 ശതമാനം പേരെ പിരിച്ചുവിടുമെന്ന് കമ്പനി ഏതാനും ആഴ്ച്ച മുന്‍പ് സൂചന നല്‍കിയിരുന്നു.
ഡെല്‍ഹി: ലോകത്ത് ഏറ്റവുമധികം ജനശ്രദ്ധയാകര്‍ഷിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂമില്‍ നിന്നും പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട്. കമ്പനിയില്‍ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പിരിച്ചുവിടല്‍ തുടരുകയായിരുന്നു. ഫെബ്രുവരിയില്‍ 1,300 ജീവനക്കാരെയാണ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. ബിബിസിയാണ് സൂം പ്രസിഡന്റിനെ പിരിച്ചുവിട്ടത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
പ്രസിഡന്റിനെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ ഗൂഗിള്‍ ജീവനക്കാരനും ബിസിനസുകാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൂമിന്റെ പ്രസിഡന്റായി നിയമിതനായത്. ഗ്രെഗിന് പകരം ആരാകും പ്രസിഡന്റാകുക എന്നത് സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ആകെ ജീവനക്കാരിലെ 15 ശതമാനം പേരെ പിരിച്ചുവിടുമെന്ന് കമ്പനി ഏതാനും ആഴ്ച്ച മുന്‍പ് സൂചന നല്‍കിയിരുന്നു. തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മെയില്‍ വഴി ലഭ്യമാകുമെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് എറിക്ക് യുവാന്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് വര്‍ക്ക് ഫ്രം ഹോം സേവനം മുതല്‍ ഓഫീസുകളുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്ക് വരെ ആഗോളതലത്തിലുള്ള കമ്പനികള്‍ സൂം പ്ലാറ്റ്ഫോമിനെ ആശ്രയിച്ചിരുന്നു.
അക്കാലയളവില്‍ ശതകോടികളാണ് കമ്പനിയിലേക്ക് ഒഴുകിയത്. എന്നാല്‍ അധികം വൈകാതെ തന്നെ സൂമുമായി കിടപിടിച്ച് നില്‍ക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകള്‍ വരികയും സൂമിന്റെ ഡിമാന്‍ഡിനെ അത് ബാധിക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ടെക്ക് മേഖലയിലുള്‍പ്പടെ കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോഴാണ് സൂമൂം ആളുകളെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നത്. കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെയാകും ആദ്യഘട്ടത്തില്‍ ഒഴിവാക്കുക എന്നും റിപ്പോര്‍ട്ടുകളിലുണ്ട്.