image

28 May 2023 2:48 PM IST

News

384 ഇന്‍ഫ്ര പദ്ധതികളിലെ അധിക ചെലവ് 4.66 ലക്ഷം കോടി

MyFin Desk

4.66 lakh crore in additional expenditure on 384 infra projects
X

Summary

  • 259 പ്രോജക്റ്റുകളില്‍ സമയപരിധിയും ചെലവും കൂടുതലെടുത്തു
  • പാരിസ്ഥിതിക അനുമതികളിലെ കാലതാമസം പദ്ധതികളെ വൈകിപ്പിക്കുന്നു
  • 292 പ്രോജക്റ്റുകൾ ഷെഡ്യൂള്‍ പാലിക്കുന്നു


150 കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 384 എണ്ണം ജനുവരി-മാർച്ച് പാദത്തിൽ മൊത്തം 4.66 ലക്ഷം കോടി രൂപയുടെ അധിക ചെലവ് സൃഷ്ടിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 1,566 പദ്ധതികളിൽ 384 എണ്ണത്തിന്‍റെ ചെലവ് നിശ്ചയിച്ചിരുന്നതിനും മുകളിലേക്ക് പോയപ്പോള്‍ 931 പദ്ധതികൾ കാലപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാനാവാത്തവയാണ്.

നേരത്തേ അനുവദിക്കപ്പെട്ടിരുന്ന ചെലവിന്റെ 21.59 ശതമാനത്തോളമാണ് മാര്‍ച്ച് പാദത്തില്‍ 384 പദ്ധതികള്‍ക്കായി അധികം ചെലവിടേണ്ടി വന്നിട്ടുള്ളത്. എന്നിരുന്നാലും, ഏറ്റവും പുതിയ അംഗീകൃത ചെലവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍, 285 പദ്ധതികളാണ് അധിക ചെലവ് വരുത്തിയിട്ടുള്ളത്, അതായത് മൊത്തം 1,97,069.19 കോടി രൂപയുടെ അധിക ചെലവ്. കൂടാതെ, 259 പ്രോജക്റ്റുകൾക്ക് സമയവും ചെലവും കൂടുതലെടുത്തവയാണെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

ഈ 1,566 പദ്ധതികളുടെ പൂർത്തീകരണത്തിന് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള ചെലവ് 26,29,193.77 കോടി രൂപയാണ്. മാർച്ച് 31ലെ കണക്ക് പ്രകാരം ഈ പദ്ധതികള്‍ക്കായി മൊത്തം ഇതുവരെ ചെലവിട്ടത് 14,71,873.93 കോടി രൂപയാണ്, അതായത് പ്രതീക്ഷിക്കുന്ന പൂർത്തീകരണ ചെലവിന്റെ 55.98 ശതമാനം. പദ്ധതികളുടെ തുടക്കത്തില്‍ നിശ്ചയിച്ചിരുന്ന ചെലവ് പരിഗണിച്ചാല്‍ 68.06 ശതമാനം ചെലവിട്ടു കഴിഞ്ഞു.

ഈ 1,566 പദ്ധതികൾക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില് 2,81,251.99 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്.1000 കോടിക്കു മുകളില്‍ നിക്ഷേപം കണക്കാക്കുന്ന 443 മെഗാ പ്രോജക്ടുകളും ഇവയില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ട് പ്രകാരം 12 പ്രോജക്റ്റുകൾ നിശ്ചയിച്ച ഷെഡ്യൂളിനേക്കാള്‍ മുന്നിലായി വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 292 പ്രോജക്റ്റുകൾ ഷെഡ്യൂള്‍ പാലിച്ചുപോകുന്നുണ്ട്. കൂടാതെ, 331 പ്രോജക്റ്റുകൾക്ക്, പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന തീയതി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കാലതാമസം നേരിടുന്ന പദ്ധതികളുടെ ശതമാനം 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ 41.27 ശതമാനത്തിൽ നിന്ന് ഇക്കഴിഞ്ഞ നാലാം പാദത്തിൽ 59.45 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവില്‍ ചെലവ് കവിഞ്ഞതിന്റെ ശതമാനം 21.43 ശതമാനത്തിൽ നിന്ന് 21.59 ശതമാനമായി വര്‍ധിച്ചു.

പരിസ്ഥിതി, വനം, വന്യജീവി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അനുമതികള്‍ക്കുണ്ടാകുന്ന കാലതാമസാണ് പദ്ധതികള്‍ വൈകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍, കരാർ പ്രശ്നങ്ങള്‍, യൂട്ടിലിറ്റികളുടെ ഷിഫ്റ്റിംഗ് എന്നിവയെല്ലാം ചെലവും സമയവും അധികരിക്കുന്നതിന് ഇടയാക്കുന്നു. പൊതുവായ വിലക്കയറ്റം മൂലമുണ്ടാകുന്ന ചെലവ് അതിരുകടക്കുന്നത് ഒഴിവാക്കാനാവില്ലെങ്കിലും, കാലതാമസം മൂലമുള്ള ചെലവ് വർദ്ധന കുറയ്ക്കാൻ കഴിയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നിർദേശിക്കുന്നു.