25 Aug 2025 2:43 PM IST
Summary
രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വാഹനമോഡലുകള്‍ പരിശോധന പൂര്‍ത്തിയാക്കണം
ബസ്സുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പരിശോധന പൂര്‍ത്തിയാക്കിയ മോഡലുകള്‍ക്കേ ഇനി രജിസ്റ്റര്‍ ചെയ്യാനാകൂ. ഡ്രൈവറടക്കം പതിന്നാലോ അതിനുമുകളിലോ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുന്ന വാഹനങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകം.
2017-ല്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഏര്‍പ്പെടുത്തിയ ബസ് ബോഡി കോഡ് പ്രകാരമാണ് കോച്ചുകള്‍ നിര്‍മിക്കേണ്ടത്. എന്നാല്‍, നിബന്ധന നിര്‍ബന്ധമാക്കിയിരുന്നില്ല. മാനദണ്ഡപ്രകാരമാണ് നിര്‍മിക്കുന്നതെന്ന് ബസ് നിര്‍മാണകേന്ദ്രങ്ങള്‍ നല്‍കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് ഇതുവരെ രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. ഓഗസ്റ്റുമുതല്‍ കോച്ച് നിര്‍മാണകേന്ദ്രത്തിനും അവരുടെ മോഡലിനും കേന്ദ്രസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അംഗീകൃത കോച്ച് നിര്‍മാതാക്കളുടെ വാഹനങ്ങള്‍ പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനാകേന്ദ്രത്തില്‍ കര്‍ശന സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ബസ് അപകടത്തില്‍പ്പെടുമ്പോള്‍ കോച്ചിനുണ്ടാകുന്ന കേടുപാടുകൂടി വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. ഭൂരിഭാഗം കോച്ച്‌നിര്‍മാതാക്കളും ഇത്തരം പരിശോധനനടത്തി മോഡലുകള്‍ക്ക് അംഗീകാരം നേടിയിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ബസുകളുടെ സുരക്ഷാനിലവാരം നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തേ ബസുകളുടെ അളവുമാത്രമാണ് പരിശോധിച്ചിരുന്നത്. ഇതിനുപകരം നിര്‍മാണഘടകങ്ങളുടെ നിലവാരം നിശ്ചയിച്ചും നിര്‍മാണനിലവാരം ഉയര്‍ത്തിയും സുരക്ഷ കര്‍ശനമാക്കും.